11 January, 2018 06:33:45 AM


എറണാകുളത്തെ കവര്‍ച്ച: മൂന്നു പേര്‍ ദില്ലിയില്‍ പിടിയില്‍



കൊച്ചി: വീട്ടുകാരെ ബന്ദിയാക്കി എറണാകുളത്തു വന്‍ കവര്‍ച്ച നടത്തിയ ഉത്തരേന്ത്യന്‍ സംഘത്തിലെ മൂന്നുപേരെ ദില്ലിയില്‍നിന്നു പിടികൂടി. ദില്ലി സ്വദേശികളായ റോണി, അര്‍ഷദ്‌, ബംഗ്ലാദേശ്‌ സ്വദേശിയായ ഷേക്‌സാദ്‌ എന്നിവരെയാണു കൊച്ചിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ദില്ലി പോലീസിന്റെ സഹായത്തോടെ അറസ്‌റ്റ്‌ ചെയ്‌തത്‌. അര്‍ഷാദാണു സംഘത്തലവന്‍. 


മൂന്നാഴ്‌ച നീണ്ട സമഗ്രമായ അന്വേഷണത്തിലൊടുവിലാണ്‌ പ്രതികള്‍ പിടിയിലായത്‌. വീടുകളില്‍നിന്നു സംഘം മോഷ്‌ടിച്ച മൊബൈല്‍ ഫോണില്‍ നിന്നുള്ള വിളികള്‍ കേന്ദ്രീകരിച്ച്‌ സൈബര്‍സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കവര്‍ന്ന ആഭരണങ്ങള്‍ ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്‌. മൂവരെയും ദില്ലി കോടതിയില്‍ ഹാജരാക്കി. 14ന്‌ കേരളത്തിലെത്തിക്കും.

കൊച്ചി റെയ്‌ഞ്ച്‌ ഐ.ജി: പി. വിജയന്‍റേയും സിറ്റി പോലീസ്‌ കമ്മിഷണര്‍ എം.പി. ദിനേശിന്‍റേയും മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.സംഘത്തലവനായ അര്‍ഷദിന്‍റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ മറ്റു രണ്ടു പേര്‍ പിടിയിലാത്‌. ബംഗ്ലാദേശ്‌ സ്വദേശി ഉള്‍പ്പെടെ എട്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്‌. പള്ളുരുത്തി സി.ഐ കെ.ജി. അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടിച്ചത്‌.


ഡിസംബര്‍ 15, 16 തീയതികളിലാണ്‌ എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലും കവര്‍ച്ച നടന്നത്‌. പുല്ലേപ്പടി പാലത്തിനു സമീപം ഇല്ലിമൂട്ടില്‍ ഇ.കെ. ഇസ്‌മയിലിനെയും ഭാര്യയെയും കെട്ടിയിട്ട്‌ അഞ്ചു പവനും തൃപ്പൂണിത്തുറിയിലെ ഏരൂര്‍ എസ്‌.എം.പി റോഡില്‍ നന്ദപ്പിള്ളി ആനന്ദകുമാറിന്‍റെ വീട്ടില്‍ വീട്ടുകാരെ മുഴുവന്‍ കെട്ടിയിട്ട്‌ 50 പവനും 20,000 രൂപയുമാണ്‌ സംഘം കവര്‍ന്നത്‌.



Share this News Now:
  • Google+
Like(s): 48