10 January, 2018 12:17:39 PM


ഭഗവത് ഗീതയുടെ പത്ത് കോപ്പികള്‍ക്ക് ഹരിയാന സര്‍ക്കാര്‍ ചിലവഴിച്ചത് 3.8 ലക്ഷം രൂപ



ചണ്ഡീഗഡ്: കഴിഞ്ഞ വര്‍ഷം നടന്ന അന്താരാഷ്ട്ര ഗീത മഹോല്‍സവത്തില്‍ 10 ഭഗവത് ഗീതയുടെ കോപ്പികള്‍ക്കായി ഹരിയാന സര്‍ക്കാര്‍ ചിലവഴിച്ചത് 2.8 ലക്ഷം രൂപ. വിവിഐപികള്‍ക്കുള്ള സമ്മാനമായി നല്‍കാനാണ് ഈ കോപ്പികള്‍ ഉപയോഗിച്ചത്.ബിജെപി എം. പിയും ബോളീവുഡ് നടിയുമായ ഹേമമാലിനിക്ക് 15 ലക്ഷവും ഡല്‍ഹി ബിജെപി പ്രസിഡന്റും നടനുമായ മനോജ് തിവാരിക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കിയിരുന്നു. പരിപാടിയില്‍ പങ്കെടുത്തതിനായിരുന്നു പണം നല്‍കിയത്. ഹേമ മാലിനി രാധ രാസ് ബിഹര്‍തി എന്ന പേരില്‍ നൃത്തപരിപാടി അവതരിപ്പിച്ചിരുന്നു. തിവാരിയാകട്ടെ സാംസ്ക്കാരിക പരിപാടിയാണ് അവതരിപ്പിച്ചത്. 

വിവരാവകാശ നിയമപ്രകാരം ഹിസാര്‍ സ്വദേശിയായ രാഹുല്‍ ഷെരാവതിന് ലഭിച്ചതാണ് പ്രസ്തുത വിവരങ്ങള്‍. 15 കോടി രൂപയാണ് ആഘോഷ പരിപാടികള്‍ക്കായി സര്‍ക്കാര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ 4.32 കോടി ചിലവഴിച്ചതിന്‍റെ കണക്കുകളേ ലഭ്യമായിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ചിലവ് വിവരകണക്കുകള്‍ ലഭിക്കാനായി അപ്പീലിന് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷെരാവത്. 



Share this News Now:
  • Google+
Like(s): 33