10 January, 2018 11:50:51 AM


എസ്‌എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി



ദില്ലി: എസ്‌എന്‍സി ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ചത് ഉള്‍പ്പെടെയുള്ള അപ്പീല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിം കോടതി നാളത്തേക്ക് മാറ്റിവെച്ചു. സിബിഐ അഭിഭാഷക ഗീത ലൂതറയുടെ ആവശ്യം പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എന്‍വി രമണ, െസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്.


കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്‌ഇബി ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ അപ്പീലുകളും കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരന്‍ നല്‍കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കാനിരുന്നതായിരുന്നു. കേസിലെ ഗൂഢാലോചനയില്‍ പിണറായി വിജയന് പങ്കുണ്ടെന്നാണ സിബിഐയുടെ വാദം.


എസ്‌എന്‍സി ലാവലിന്‍ കേസില്‍ സുപ്രിം കോടതിയില്‍ മൂന്ന് വാള്യങ്ങളായി ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജിയിലാണ് ഇടപാടില്‍ പിണറായി വിജയന്റെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രതിപ്പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. ലാവലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ ഇവര്‍ മൂന്ന് പേരും പങ്കാളികളാണ്. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. വിചാരണ ഘട്ടത്തില്‍ മാത്രമേ ഈ തെളിവുകള്‍ പരിശോധിക്കേണ്ടതുള്ളു. ലാവലിന്‍ ഇടപാടില്‍ ഹൈകോടതി വിചാരണ നേരിടാന്‍ നിര്‍ദേശിച്ച കെജി രാജശേഖരന്‍, ആര്‍ ശിവദാസന്‍, കസ്തുരിരംഗ അയ്യര്‍ എന്നീ കെഎസ്‌ഇബി ജീവനക്കാരുടെ പങ്ക് മറ്റ് പ്രതികളുടെ പങ്കാളിത്തത്തില്‍ നിന്ന് വേറിട്ട് കാണാന്‍ പാടില്ലെന്നും സിബിഐ അഭിഭാഷകര്‍ കോടതിയില്‍ വാദിക്കും.


പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കും. ചില വ്യക്തികളെ തെരഞ്ഞ് പിടിച്ച്‌ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തയെന്ന ഹൈക്കോടതി വാദം തെറ്റാണ്. ആര്‍ക്കൊക്കെ എതിരെ തെളിവുകളുണ്ടോ അവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.


കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവരാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. പിണറായി വിജയനെയും മറ്റും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പോലെ തങ്ങളെയും കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇവരുടെ ആവശ്യം.



Share this News Now:
  • Google+
Like(s): 171