07 January, 2018 04:37:27 PM


ഏറ്റുമാനൂര്‍ പട്ടിത്താനത്ത് കാര്‍ റോഡില്‍ നിന്നും വഴുതി മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്



ഏറ്റുമാനൂര്‍: പട്ടിത്താനത്ത് വീണ്ടും വാഹനാപകടം. എം.സി.റോഡില്‍ വളവു തിരിയവെ നിയന്ത്രണം വിട്ട കാര്‍ എതിര്‍വശത്ത് താഴെയുള്ള റബ്ബര്‍ തോട്ടത്തിലേക്ക് കൂപ്പ് കുത്തി അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കോതമംഗലത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറാണ് പട്ടിത്താനം എബര്‍ ഏസര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഓഫീസിന് എതിര്‍വശം പത്ത് അടിയോളം താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. 



അപകടത്തില്‍ പരിക്കേറ്റ കോതമംഗലം വാരാപ്പെട്ടി കൊറ്റം ജയിംസ് (65), ഷാജു (54), ലിസി (56), ലൂസി (67), മേരി (60)  എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ പരസ്യ ബോര്‍ഡുകള്‍ക്കായി സ്ഥാപിച്ച ഇരുമ്പു തൂണുകള്‍ തകര്‍ത്താണ് താഴോട്ട് പതിച്ചത്. കാര്‍ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളായ രണ്ട് പെണ്‍കുട്ടികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 1281