07 January, 2018 02:09:19 PM
കാലാവധിക്കു മുമ്പേ റോഡ് തകർന്നു; കരാർ കമ്പനിക്കെതിരെ ക്രിമിനൽ കേസ്

തൃശൂര്‍ : കരാർ കാലാവധിക്കു മുമ്പേ തകർന്ന റോഡ് നന്നാക്കുന്നതിൽ വീഴ്ച വരുത്തിയ കരാർ കമ്പനിയ്ക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാനും കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും വകുപ്പ് മന്ത്രിയുടെ നിർദ്ദേശം. ദേശീയപാത 66 ല്‍ തൃശൂർ മണത്തല മുല്ലത്തറ ജംഗ്ഷന് മുതല്‍ ചേറ്റുവ വരെയുള്ള ഭാഗം ഐ.ആര്.ക്യു.പി പ്രോജക്ടില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തി നടത്തിയ കരാര്‍ കമ്പനി ഗ്രീന്‍വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് നടപടി.
പണി പൂര്‍ത്തിയാക്കിയ റോഡിന്റെ ഭാഗങ്ങള്‍ കരാര്‍ കാലാവധി തീരുന്നതിനു മുമ്പു തന്നെ തകർന്നു. കരാര്‍ കമ്പനിയായ ഗ്രീന്‍വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനോട് തകര്‍ന്ന ഭാഗം പുതുക്കിപ്പണിയാന്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയെങ്കിലും അവർ അതിനു തയ്യാറായില്ല. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയും ഉത്തരവാദിത്വത്തില്‍ നിന്നു മാറി നില്‍ക്കുകയും ചെയ്ത കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വകുപ്പുതല നടപടിയ്ക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ജി.സുധാകരൻ തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു.
ഗതാഗതം താറുമാറാക്കി ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കിയതിനു കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2018 മാർച്ച് 30 വരെ കരാര്‍ കാലാവധിയുള്ള പ്രവൃത്തിയാണ് പല ഭാഗങ്ങളിലായി തകര്‍ന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2013 ല്‍ കരാര്‍വെച്ച പ്രവൃത്തി പൂര്‍ത്തീകരിച്ചത് 2015 മാർച്ച് 31നായിരുന്നു. മൂന്നു വര്‍ഷം കാലാവധിയുള്ള നിര്‍മ്മാണ പ്രവൃത്തി വളരെ മുമ്പ് തന്നെ തകരാന്‍ തുടങ്ങി. എന്നാല്‍ ചെറിയ അറ്റകുറ്റപ്പണിയിലൂടെ രക്ഷപെടാനാണ് കരാറുകാരന് ശ്രമിച്ചതത്രേ.
ചാവക്കാട് മണത്തല മുതല്‍ ചേറ്റുവ വരെയുള്ള ഭാഗം വാഹന ഗതാഗതത്തിനും ജനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി വിവിധ പരാതികള്‍ മന്ത്രിക്ക് ലഭിച്ചിചിരുന്നു. കരാര്‍ കമ്പനിയായ ഗ്രീന്‍വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചറിനു വകുപ്പു നല്കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് മാത്രമല്ല, തികച്ചും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. ഇതേ തുടർന്നാണ് വകുപ്പുതല നടപടിക്കു പുറമേ ക്രിമിനല്‍ കേസു കൂടി സ്വീകരിക്കാന്‍ നിർദേശം നൽകിയതെന്ന് മന്ത്രി പറയുന്നു.