06 January, 2018 06:59:41 PM


സാംക്രമിക രോഗങ്ങൾ പടർത്തി ഏറ്റുമാനൂരിലെ ദേവസ്വം വക ശൗചാലയങ്ങൾ



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം വക ശൗചാലയങ്ങളിലെ മലിനജലം പരന്നൊഴുകുന്നത് മൂലം ജനങ്ങള്‍ ദുരിതത്തില്‍.  ഭജനമഠത്തിന്റെയും എന്‍എസ്എസ് കരയോഗം കെട്ടിടത്തിന്റെയും ഇടയ്ക്കായി സ്ഥിതി ചെയ്യുന്ന പൊതു ശൗചാലയങ്ങളില്‍ നിന്നുള്ള മലിനജലമാണ് പരന്നൊഴുകുന്നത്. ഇത് മൂലം  സാംക്രമിക രോഗങ്ങള്‍ പടരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.


മലിനജലം ഒഴുകുന്നതിന്  തൊട്ടടുത്തായി ഓഡിറ്റോറിയവും വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. തൊട്ടടുത്ത കിണറുകളിലെ ജലം ഉപയോഗിക്കാൻ പറ്റാത്ത വിധം മലിനമായി കൊണ്ടിരിക്കുന്നു.  മലിനജലം ഒഴുകുന്ന ഓട മൈതാനത്തിന്റെ നടുക്കുകൂടിയായിരുന്നു. ശബരിമല സീസണ്‍ ആരംഭിച്ചതോടെ  ശൗചാലയങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത് മാലിന്യം പെരുകാന്‍ കാരണമായി.  ചെറിയ ഓടകളിലൂടെ ഒഴുകിയെത്തുന്ന മലിനജലം മാറാവേലി തോട്ടിലേയ്ക്കാണ് പതിക്കുന്നത്.


ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിസര പ്രദേശത്തെ കിണറുകളില്‍ പാട ഉയര്‍ന്നു കാണപ്പെടുകയും ഇതേ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയയെ കണ്ടെത്തുകയും ചെയ്തിരുന്നു. മാത്രമല്ല, ഈപ്രദേശത്ത് ഭക്ഷ്യ വിഷബാധയും ഉണ്ടായി. സമീപ സ്ഥലത്തുവച്ച് നടന്ന കല്യാണ ചടങ്ങില്‍ പങ്കെടുത്ത ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് ഏറെ വിവാദമായിരുന്നു. ശൗചാലയങ്ങളിൽ നിന്നുള്ള മലിനജലത്തിന്റെ അനന്തരഫലമാണിതെന്ന് കണ്ടെത്തിയിരുന്നു.


ഭജനമഠത്തിന് സമീപമുള്ള ഹാളിലാണ് ഇപ്പോൾ സനാതന ഭാഗവത സപ്താഹം നടക്കുന്നത്. ഇവിടെ വരുന്ന ഭക്തജനങ്ങൾക്ക് അസഹ്യമായ ദുര്‍ഗന്ധം മൂലം ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത നിലയിലാണ്. ഇതുവഴി കടന്നു പോകുന്നവര്‍ക്കും സ്ഥലവാസികള്‍ക്കും മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ ദു:സ്ഥിതിയ്ക്ക് മാറ്റം വരുത്തണമെന്ന് ദേവസ്വം അധികാരികളോട് പലവട്ടം പരാതിപ്പെട്ടിട്ടും നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. 



Share this News Now:
  • Google+
Like(s): 202