06 January, 2018 01:06:23 PM


കര്‍ണാടകയില്‍ നിന്ന് ബീഫ് എത്തിക്കില്ല; ഗോവയില്‍ ബീഫ് ക്ഷാമം രൂക്ഷമായി



പനജി: കര്‍ണാടകയില്‍ നിന്ന് ബീഫ് എത്തിക്കേണ്ടെന്ന് ഇറച്ചി വ്യാപാരികള്‍ തീരുമാനിച്ചതോടെ ഗോവയില്‍ ബീഫ് ക്ഷാമം രൂക്ഷമായി. ഗോ രക്ഷാപ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്നാണ് കര്‍ണാടകയില്‍ നിന്ന് ബീഫ് എത്തിക്കേണ്ടെന്ന് വ്യാപാരികളുടെ സംഘടന തീരുമാനിച്ചത്. ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുന്നത് വരെ ഇറക്കുമതി വേണ്ടെന്നാണ് തീരുമാനം.


ക്രിസ്മസ് നാളുകളിലൊക്കെ വ്യാപകമായ ആക്രമണമാണ് ഇറച്ചി കൊണ്ടുവരുന്ന വാഹനങ്ങള്‍ നേരെ നടന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് ബീഫിന് വലിയ ക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണെന്നും വ്യാപാരി സംഘടനാ പ്രസിഡന്റായ മന്നാ ബേപാരി പറഞ്ഞു.25 ടണ്‍ ബീഫാണ് എല്ലാ ദിവസവും കര്‍ണാടകയിലെ ബെലാഗവിയില്‍ നിന്ന് ഗോവയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍ നിന്നാണ് ഗോവിയിലേക്ക് ബീഫ് എത്തിക്കുന്നതെന്ന് ആരോപിച്ചാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍.


എന്നാല്‍ നിയമാനുസൃതമായ അറവുശാലകളില്‍ നിന്നാണ് തങ്ങള്‍ ഇങ്ങോട്ടേക്ക് ബീഫ് കൊണ്ടുവരുന്നത്. നിയമവിരുദ്ധമായി ആരെങ്കിലും അറവുശാലകള്‍ നടത്തുന്നുണ്ടെങ്കില്‍ ഗോ രക്ഷകര്‍ അവിടെ പോയി പ്രതിഷേധിക്കണം. തങ്ങളുടെ വാഹനം ഇവര്‍ തടയുന്നത്കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും ബേപാരി പറഞ്ഞു.



Share this News Now:
  • Google+
Like(s): 244