06 January, 2018 12:09:54 PM


ജോയി മന്നാമല ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍



ഏറ്റുമാനൂര്‍: നഗരസഭാ ചെയര്‍മാനായി ചാക്കോ ജോസഫ് (ജോയി മന്നാമല) തെരഞ്ഞെടുക്കപ്പെട്ടു. 29-ാം വാര്‍ഡില്‍ (പാറോലിക്കല്‍) നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജോയി മന്നാമല യുഡിഎഫിന്‍റെയും കേരളാ കോണ്‍ഗ്രസിന്‍റെയും പിന്തുണയോടെയാണ് നഗരസഭയുടെ രണ്ടാമത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻധാരണ അനുസരിച്ച് കോൺഗ്രസിലെ ജയിംസ് തോമസ് രാജി വെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.


ജോയി മന്നാമലയ്ക്ക് 18 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളായ എല്‍ഡിഎഫിലെ പി.എസ്.വിനോദിന് (സിപിഎം) 11 വോട്ടും ബിജെപിയിലെ ഉഷാ സുരേഷിന് 5 വോട്ടുകളും ലഭിച്ചു. സിപിഎമ്മിലെ സ്മിതാ ബാബുവിന്‍റെ വോട്ട് അസാധുവായി. 35 അംഗ ഭരണസമിതിയിൽ കോൺഗ്രസ് - 9, കേരളാ കോൺഗ്രസ് - 5, സ്വതന്ത്രർ - 4, സി പി എം - 11, സി പി ഐ - 1, ബിജെപി - 5 എന്നിങ്ങനെയാണ് കക്ഷി നില. ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോയി മന്നാമല തുടര്‍ന്ന് വരണാധികാരി മുമ്പാകെ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.


മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു


തെരഞ്ഞെടുപ്പ് യോഗം നടക്കുന്ന ഹാളില്‍ നിന്നും ജനപ്രതിനിധികളല്ലാത്ത എല്ലാവരും പുറത്ത് പോകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങിയെങ്കിലും നഗരസഭയിലെ ജീവനക്കാര്‍ ഒന്നടങ്കം ഹാളില്‍ നിലയുറപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി. ഇത് വരണാധികാരിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും മാധ്യമപ്രവര്‍ത്തകരെ മാത്രം അകത്ത് കടക്കാന്‍ അനുവദിച്ചില്ല. ചായവിതരണത്തിനുള്ള ആളുകള്‍ വരെ ഹാളില്‍ നില്‍ക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാന്‍ മാത്രം തങ്ങള്‍ അകത്തു പ്രവേശിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.



Share this News Now:
  • Google+
Like(s): 2183