05 January, 2018 12:55:48 PM


ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കുന്നത് ഹറാമെന്ന് മതപഠനശാല



ലഖ്നൌ : ബാങ്ക് ജീവനക്കാരെയോ അവരുടെ ബന്ധുക്കളെയോ വിവാഹം കഴിക്കരുതെന്ന് പ്രമുഖ ഇസ്ളാമിക് മതപഠനശാലയായ ദാറുല്‍ ഉലൂം ദ്യോബന്ദിന്‍റെ ഫത്വ. ശരീരവടിവുകള്‍ പ്രത്യക്ഷമാകുംവിധം സ്ളിംഫിറ്റ് പര്‍ദകള്‍ ധരിക്കുന്നതും ഡിസൈനര്‍ പര്‍ദകള്‍ ധരിക്കുന്നതും ഇസ്ളാംവിരുദ്ധമാണെന്ന് ദാറുല്‍ ഉലൂം ഫത്വയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

വായ്പ നല്‍കുന്നതും മറ്റും അനിസ്ളാമികമാണ്. അത്തരം സ്ഥാപനത്തില്‍നിന്ന് ലഭിക്കുന്ന ശമ്പളവും ഹറാം (നിഷിദ്ധം) ആണെന്നും സ്ഥാപനം പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥന്‍റെ മകളെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച്‌ ഒരാള്‍ ഉന്നയിച്ച സംശയത്തിലാണ് നിലപാട് വ്യക്തമാക്കിയത്. അത്തരം കുടുംബത്തിലുള്ളവര്‍ സത്യവിരുദ്ധവും ദൈവഭയമില്ലാത്തതുമായ ജഡജീവിതമാണ് നയിക്കുന്നത്. അവരുമായി ബന്ധം പുലര്‍ത്താതിരിക്കുന്നതാണ് ഉത്തമം. പണം ഇടപാടുകളില്‍ ലാഭം പ്രതീക്ഷിച്ച്‌ പലിശ ഈടാക്കുന്നതും നിക്ഷേപിക്കുന്നതും ഇസ്ളാമിന് വിരുദ്ധമാണെന്നും ദാറുല്‍ ഉലൂം പറയുന്നു. 

ഹിജാബിന്‍റെ (മുഖപടം)പേരില്‍ പലവിധത്തിലും തരത്തിലുമുള്ള പര്‍ദകളും മറ്റുമാണ് വിപണിയില്‍. ഇത് നമുക്ക് നിഷിദ്ധമാണ്. ഇസ്ളാം കര്‍ശനമായി ഇത് നിരോധിച്ചിരിക്കുകയാണ്. ഏഷ്യയിലെതന്നെ പ്രമുഖ മതപഠനകേന്ദ്രമായ ദാറില്‍ ഉലൂം ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലാണ് പ്രവര്‍ത്തിക്കുന്നത്. ഈയിടെ പുതുവത്സരാഘോഷങ്ങള്‍ അനിസ്ളാമികമാണെന്നും ഇവര്‍ ഫത്വയിറക്കിയിരുന്നു. മുഹറമാണ് പുതുവര്‍ഷാരംഭമെന്നാണ് ഇവരുടെ വാദം. 



Share this News Now:
  • Google+
Like(s): 105