05 January, 2018 12:13:18 PM


ബോണക്കാട് കുരിശുമലയില്‍ സംഘര്‍ഷം; വിശ്വാസികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്



തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയുടെ ഔദ്യോഗിക തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്ക് രൂപതാ വിശ്വാസികള്‍ നടത്തിയ കുരിശുയാത്രയില്‍ സംഘര്‍ഷം.കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് വീശി. നെയ്യാറ്റിന്‍കര അതിരൂപതയുടെ കീഴിലുള്ളവര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.


മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര. എന്നാല്‍ യാത്ര പൊലീസ് തടഞ്ഞതോടെ വിശ്വാസികള്‍ പൊലീസിനെതിരെ തിരിഞ്ഞു. ബാരിക്കേഡ് തകര്‍ത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. വൈദികരടക്കമുള്ളവര്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശിയതോടെ വിശ്വാസികളില്‍ കുറെ പേര്‍ കാട്ടിലേക്ക് ഓടിക്കയറി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. രൂപതയിലെ കെഎല്‍സിഎ, കെസിവൈഎം, കെഎല്‍സിഡബ്ല്യൂഎ, ഭക്ത സംഘടനകള്‍ എന്നിവയാണ് കുരിശുയാത്രക്ക് നേതൃത്വം നല്‍കിയിരുന്നത്.


കുരിശുയാത്രക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി, സിസിഎഫ്, ഡിഎഫ്‌ഒ, റൂറല്‍ എസ്പി, ഡിവൈഎസ്പി തുടങ്ങിയവര്‍ക്ക് കുരിശുമല സംരക്ഷണ സമിതി കത്ത് നല്‍കിയിരുന്നു. രൂപതയിലെ 247 ദേവാലയങ്ങളിലെ വിശ്വാസികളുടെ പ്രാധിനിത്യം ഉറപ്പിച്ച്‌ കൊണ്ടാണ് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ വിശ്വാസ സമൂഹം കുരിശുമലയില്‍ എത്തിയത്. വിതുര, തേവിയോട് ദൈവപരിപാലന ദേവാലയത്തിന് മുന്നില്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ജി ക്രിസ്തുദാസാണ് കുരിശുയാത്ര ഉദ്ഘാടനം ചെയ്തത്.



Share this News Now:
  • Google+
Like(s): 185