05 January, 2018 11:56:37 AM


കെഎസ്‌ആര്‍ടിസിക്ക് സഹായമില്ല: സര്‍ക്കാര്‍ നിലപാടിനെതിരെ സംഘടനകള്‍ രംഗത്ത്



കൊച്ചി: കെഎസ്‌ആര്‍ടിസിക്ക് സഹായമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്ത്. വിഷയത്തില്‍ എഐടിയുസിയും ടിഡിഎഫും കടുത്ത പ്രതിഷേധത്തില്‍.കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും 2015 മുതല്‍ ഒരോ മാസവും 30 കോടിയുടെ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച്‌ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.


രാജ്യത്തെ ഒരു ഗതാഗത കോര്‍പറേഷനും സ്വന്തം വരുമാനത്തില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്നില്ലെന്നും ഗതാഗത അഡീഷണല്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രകാരം തന്നെയാണ് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയിരുന്നതെന്നും എന്നാല്‍ പെന്‍ഷനു വേണ്ടി സര്‍ക്കാര്‍ യാതൊരു ധനസഹായവും നല്‍കിയിരുന്നില്ലെന്നും കെഎസ്‌ആര്‍ടിസി പ്രതികരിച്ചു.


പ്രകടന പത്രികയിലെ വാഗ്ദാന ലംഘനമാണ് സര്‍ക്കാരിന്‍റേത് എന്ന് തൊഴിലാളി സംഘടനയായ ടിഡിഎഫ് ആരോപിച്ചു. സത്യവാങ്മൂലം തിരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു.കെഎസ്‌ആര്‍ടിസിയുടെ സാമ്ബത്തിക പ്രതിസന്ധി മറകടക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതുകാണിച്ചാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തിനെതിരെ വ്യാപക പ്രതിഷേധത്തിലാണ് ജീവനക്കാരുടെ സംഘടനകള്‍.


അതേസമയം കെഎസ്‌ആര്‍ടിസിക്ക് സാമ്പത്തിക സഹായം നല്‍കില്ലെന്ന ഹൈക്കോടതിയിലെ സര്‍ക്കാര്‍ സത്യവാങ്മൂലം തള്ളി ധനമന്ത്രി തോമസ് ഐസക് നിലപാട് വ്യക്തമാക്കി. കെഎസ്‌ആര്‍ടിസിയെ കൈവിടില്ല. കോര്‍പറേഷനെ ലാഭത്തിലാക്കും വരെ സര്‍ക്കാര്‍ സഹായം തുടരും. അടുത്ത വര്‍ഷം കെഎസ്‌ആര്‍ടിസിക്ക് 1000 കോടിയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും തോമസ് ഐസക്  പറഞ്ഞു.



Share this News Now:
  • Google+
Like(s): 165