05 January, 2018 10:38:17 AM


ഏറ്റുമാനൂർഎസ്.എം.എസ്.എം.ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഇന്നു മുതൽ

ഏറ്റുമാനൂർ: ശ്രീ മൂലം ഷഷ്ഠ്യബ്ദപൂർത്തി സ്മാരക പൊതു ഗ്രന്ഥശാല (എസ്.എം.എസ്.എം.ലൈബ്രറി) ശതാബ്ദി ആഘോഷങ്ങളുടെ സമാപനം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.14 ന് സമാപിക്കും. ലൈബ്രറി ഹാൾ, ഗവ.വി.എച്ച്.എസ്.എസ്. ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ചടങ്ങുകൾ. വെള്ളിയാഴ്ച വൈകുന്നേരം 5 ന് സാഹിത്യ സെമിനാർ എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറകടർ ഡോ.പി.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ജനുവരി ആറിന്  രാവിലെ 10ന് കഥ, കവിതാ രചന ശിൽപ്പശാല സാഹിത്യ അക്കാദമി  അവാർഡ് ജേതാവ് ടി.ജി.വിജയകുമാർ ഉദ്ഘാടനം ചെയ്യും.ആറിന് മുഖ്യധാരാ മാധ്യമങ്ങളും നവ മാധ്യമങ്ങളും സമൂഹജീവിതത്തിൽ സെമിനാർ നടക്കും. ബിനോയി.കെ.ഏലിയാസ് വിഷയതരണം നടത്തും.എം.ജി.ശശിധരനാണ് മുഖ്യാതിഥി. ഗ്രന്ഥശാലാ പ്രവർത്തന രംഗത്തെ വെല്ലുവിളികളും പരിഹാരവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ.വി.ആർ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

എട്ടിന് വൈകുന്നേരം 5 ന് സാംസ്കാരിക പ്രവർത്തക സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ലതികാ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തും. ജനുവരി 14 ന്  മുന്നിന് ഏറ്റുമാനൂർ കാവ്യ വേദിയുടെ നേതൃത്വത്തിൽ
കാവ്യസായാഹ്നം ,വൈകുന്നേരം 5 ന് ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്‍റ്  ജി.പ്രകാശ് അധ്യക്ഷത വഹിക്കും.

ശ്രീ മൂലം തിരുനാളിന്‍റെ ചിത്രം അനാഛാദനം അവിട്ടം തിരുനാൾ ആദിത്യവർമ്മ തമ്പുരാൻ നിർവ്വഹിക്കും. മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും.തുടർന്ന് മുതിർന്ന അംഗങ്ങളെ ആദരിക്കും.  ലൈബ്രറി പ്രസിഡന്‍റ്  ജി.പ്രകാശ്, സെക്രട്ടറി പി.രാജീവ് ചിറയിൽ, വി.എൻ. ശ്രീകുമാർ വാലയിൽ, വെട്ടിക്കൽ ഉണ്ണികൃഷ്ണൻ, പി.ജെ.ജോയി പറവേലിൽ, അനിൽ നെൽസ് സഖറിയാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.




Share this News Now:
  • Google+
Like(s): 102