05 January, 2018 09:02:59 AM


ഏറ്റുമാനൂര്‍ ബാങ്ക് പ്രസിഡന്‍റ് രാജി വെച്ചു; നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നാളെ



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. പാറോലിക്കല്‍ വാര്‍ഡില്‍ നിന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ജോയി മന്നാമല യുഡിഎഫ് - കേരളാ കോണ്‍‌ഗ്രസ് പിന്തുണയോടെ അടുത്ത ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് ധാരണ. ഇതിനിടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ സംഭവിച്ചതുപോലെ അട്ടിമറിയ്ക്കുള്ള സാധ്യത തള്ളികൊണ്ട് ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് വെട്ടിക്കല്‍ ഉണ്ണികൃഷ്ണന്‍ തത്സ്ഥാനം രാജി വെച്ചു.

കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ രാജിവെച്ച ഒഴിവിലാണ് ഇപ്പോള്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ ജോയി മന്നാമല (സ്വതന്ത്രന്‍), ജോര്‍ജ് പുല്ലാട്ട് (കേരളാ കോണ്‍ഗ്രസ്), ബിജു കൂമ്പിക്കന്‍ (കോണ്‍ഗ്രസ്) എന്നിവര്‍ ചെയര്‍മാന്‍ പദവി വീതിച്ചെടുക്കണമെന്ന ധാരണയിലാണ് കേരളാ കോണ്‍ഗ്രസ് ജോയി മന്നാമലയ്ക്ക് പിന്തുണ നല്‍കുന്നത്. ഇപ്പോള്‍ ഏറ്റുമാനൂര്‍ സര്‍വ്വീസ് ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും കോണ്‍ഗ്രസിലെ വെട്ടിക്കല്‍ ഉണ്ണികൃഷ്ണന്‍ മാറികൊടുക്കണമെന്ന ആവശ്യവും ഇതോടൊപ്പം കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. മുന്‍ധാരണ പ്രകാരം കോണ്‍ഗ്രസിലെ സി.എസ്.ജോസഫിനുശേഷം കേരളാ കോണ്‍ഗ്രസിന് സീറ്റ് കൈമാറാതെയാണ് വെട്ടിക്കല്‍ ഉണ്ണികൃഷ്ണന്‍ ബാങ്ക് പ്രസിഡന്റായി സ്ഥാനമേറ്റത്. 

നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ റോസമ്മ സിബിയുടെ ഭര്‍ത്താവും കേരളാ കോണ്‍ഗ്രസ് നേതാവുമായ സിബി ചിറയിലാണ് വെട്ടിക്കല്‍ ഉണ്ണികൃഷ്ണന്‍ രാജിവെച്ചാല്‍ ബാങ്കില്‍ അടുത്ത പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി. സിബിയ്ക്കുവേണ്ടി യാണ് ഉണ്ണികൃഷ്ണന്‍ വ്യാഴാഴ്ച രാജി സമര്‍പ്പിച്ചത്. രാജി സമര്‍പ്പിച്ചില്ലെങ്കില്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് തങ്ങളുടെ ധാരണ തെറ്റിക്കുമെന്ന സ്ഥിതി വന്നതോടെ ഡിസിസി ഇടപെട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ രാജിവെച്ചില്ലെങ്കില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ സംഭവിച്ചതു പോലെ എല്‍ഡിഎഫിനോടൊപ്പം ചേര്‍ന്ന് ഭരണം പിടിച്ചെടുക്കാനുള്ള നടപടികള്‍ കേരളാ കോണ്‍ഗ്രസ് സ്വീകരിച്ചു വരികയായിരുന്നു. മുപ്പത്തഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 9 , കേരളാ കോണ്‍ഗ്രസ് - 5, ബിജെപി -5, സ്വതന്ത്രര്‍ - 4, എല്‍ഡിഎഫ് - 12 എന്നിങ്ങനെയാണ് കക്ഷിനില.


Share this News Now:
  • Google+
Like(s): 428