04 January, 2018 10:51:24 AM


പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്: ഷെറിന്‍ മരിച്ചത് ക്രൂരപീഡനമേറ്റ്



ഹൂസ്റ്റന്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഷെറിന്‍റെ മരണം ക്രൂരമായ പീഡനം മൂലമാണെന്നു റിപ്പോര്‍ട്ട്. മരണം സംഭവിച്ചു ഏറെ വൈകിയാണ് മൃതദേഹം കിട്ടിയത് . അതിനാല്‍ മരണത്തിനുളള ഏകകാരണം വ്യക്തമായിട്ടില്ല. സംഭവം നടന്ന് മൂന്ന് മാസത്തിനു ശേഷമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.


2017 ഒക്ടേബര്‍ 7 നാണ് ഷെറിന്‍ മാത്യൂസ് എന്ന മൂന്ന് വയസുകാരിയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഒക്ടേബര്‍ 22 ന് വീടിനു അര കിലോ മീറ്റര്‍ അകലെയുള്ള കലുങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായതിനാല്‍ പല്ലുകള്‍ പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനേയും അമ്മ സിനി മാത്യൂസിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


പാലു കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് വീടിനു പുറത്ത് നിര്‍ത്തിയിരുന്ന കുഞ്ഞിനെ കാണാതാവുകയായിരുന്നു എന്നായിരുന്നു വെസ്ലി ആദ്യം പോലീസിനു കൊടുത്ത മൊഴി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പിന്നിട് ഇയാള്‍ മൊഴിമാറ്റി പറയുകയായിരുന്നു. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പിന്നീട് മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിക്കുകയായിരുന്നെന്നും പിന്നീട് ഇയാള്‍ പോലീസിനോട് പറഞ്ഞു.


ഷെറിന്‍ മാത്യൂസിന്‍റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തമ്മ സിനി മാത്യൂസിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനി ഇപ്പോള്‍ ഡാലസ് ജയിലിലാണ്. ഷെറിനെ കാണാതാകുന്നതിന് തലേദിവസം കുട്ടിയെ തനിച്ചാക്കി ഇവര്‍ റസ്റ്റേറന്‍റില്‍ പോയിരുന്നു. കൂടാതെ കുട്ടിയുടെ ശരീരത്ത് ഒടിവുകളും മുറിവ് കരിഞ്ഞതിന്‍റെ  പാടുകളും ഉണ്ടായിരുന്നതായി പരിശോധച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെഫോണ്‍ റെക്കോര്‍ഡുകളും റസ്റ്റോറന്‍റിലെ സാക്ഷിമൊഴികളും സിനിയ്ക്ക് എതിരാണ്. കുട്ടിയെ തനിച്ചാക്കി റസ്റ്റോറന്‍റില്‍ പോയി, കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിയ്ക്കെതിരെ ചുമര്‍ത്തിയിരിക്കുന്നത്.


അതേസമയം ഷെറിന്‍റെ മരണത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് സിനി പോലീസിനു മൊഴി കൊടുത്തു. ഭര്‍ത്താവും കുട്ടിയും തമ്മിലുള്ള പ്രശ്നങ്ങള്‍ താന്‍ അറിഞ്ഞിരുന്നില്ലെന്നും കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നും സിനി പറഞ്ഞു. ഷെറിന്‍റെ  മരണത്തിനു ശേഷം സിനി വെസ്ലി ദമ്പതികളുടെ മറ്റൊരു കുട്ടിയെ ടെക്സസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്തിരുന്നു. കുട്ടിയെ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.


ഷെറിന്‍റെ മരണത്തെ തുടര്‍ന്നാണ് സിനിയ്ക്കും വെസ്ലിക്കും സ്വന്തം മകളെ കാണാനുള്ള അനുവാദം കോടതി നിഷേധിച്ചത്. അമേരിക്കന്‍ കോടതിയാണ് രക്ഷിതാക്കളുടെ അവകാശം എടുത്തു കളഞ്ഞത്. ഷെറിന്‍റെ മരണത്തില്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് രക്ഷിതാവെന്ന നിലയിലുള്ള ഉത്തരാവാദിത്വം നിറവേറ്റാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സ്വന്തം കുഞ്ഞിനെ കാണാനുള്ള അനുവാദം നിഷേധിച്ചത്. കേസില്‍ വാദം തുടരുകയാണ്. വാദം പൂര്‍ത്തിയാകുന്നതോടെ രക്ഷിതാവ് എന്ന എല്ലാ അവകാശങ്ങളും ദമ്പതികളില്‍ നിന്നും എടുത്തുമാറ്റാനും സാധ്യതയുണ്ട്.




Share this News Now:
  • Google+
Like(s): 240