03 January, 2018 11:31:53 AM


താജ്മഹല്‍ സന്ദര്‍ശനം: പ്രവേശനം ദിവസവും 40,000 പേര്‍ക്ക് മാത്രമായി ചുരുക്കും



ദില്ലി: താജ്മഹല്‍ കാണാന്‍ ദിവസവും 40,000 പേര്‍ക്ക് മാത്രമായി പ്രവേശനം ചുരുക്കിയേക്കും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ആളുകളുടെ എണ്ണം ചുരുക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ടിക്കറ്റെടുത്ത് താജ്മഹല്‍ കാണാന്‍ എത്തുന്നവര്‍ മൂന്നു മണിക്കൂറിനുള്ളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയിരിക്കണമെന്ന വ്യവസ്ഥയും ഏര്‍പ്പെടുത്തിയേക്കുമെന്ന് സാംസ്കാരിക മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


സാംസ്കാരിക സെക്രട്ടറി രവീന്ദ്ര സിങ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. തീരുമാനം നിലവില്‍ വരുന്നതോടെ ഓണ്‍ലൈനായും ഓഫ്ലൈനായും 40,000 ടിക്കറ്റ് മാത്രമേ ഒരു ദിവസം ബുക്കിങ് അനുവദിക്കൂ. ഇതോടൊപ്പം 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി പണം നല്‍കാതെ ടിക്കറ്റ് അനുവദിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.


തിരക്കേറിയ ടൂറിസം സീസണില്‍ ദിനംപ്രതി 60,000 മുതല്‍ 70,000 പേര്‍ വരെ എത്തുന്നുണ്ടെന്നാണ് കണക്ക്. പതിനേഴാം നൂറ്റാണ്ടിലെ ഈ പ്രണയസ്മാരകത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകരെ കുറയ്ക്കുന്നത്.



Share this News Now:
  • Google+
Like(s): 174