02 January, 2018 05:14:02 PM


ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു



ഏറ്റുമാനൂര്‍: എം.സി. റോഡില്‍ പടിഞ്ഞാറെ നടയ്ക്കു സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരണമടഞ്ഞു. പട്ടിത്താനം കോനാട്ട് ശ്രീധരന്‍റെയും ഇന്ദിരയുടെയും മകൻ ബൈജു (40) വാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30 മണിയോടെ ഏറ്റുമാനൂർ തിരു ഏറ്റുമാനൂരപ്പന്‍ ബസ്ബേയിലായിരുന്നു അപകടം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബൈജു ചൊവ്വാഴ്ച വെളുപ്പിനെ 1.30 മണിയോടെയാണ് മരണമടഞ്ഞത്. 


പട്ടിത്താനം പടിയറ വീട്ടില്‍ അജിമോന്‍ ആന്‍റണിയുടെ പേരിലുള്ളതാണ് അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയെങ്കിലും     ഉടമ കാണക്കാരി സ്വദേശി ആണ്. ഇയാളുടെ കയ്യിൽ നിന്നും ഓട്ടോ വാടകക്കെടുത്തതാണ് ബൈജു. ലോഡിംഗ് തൊഴിലാളിയായിരുന്ന ബൈജു ഓട്ടോ വാടകക്കെടുത്ത ആദ്യ ദിവസം തന്നെയായിരുന്നു അപകടവും. എന്നാല്‍ പരിക്കേറ്റ ബൈജു ബോധരഹിതനായതിനാല്‍ ആദ്യം തിരിച്ചറിയാനായിരുന്നില്ല.


ഏറ്റുമാനൂരില്‍ നിന്നും കാണക്കാരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷാ ബസ് ബേയ്ക്കു മുന്നിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡിനെതിര്‍വശത്തേക്ക് നീങ്ങുകയും എതിർദിശയിൽ നിന്നും വന്ന മാരുതി വാന്‍ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മലക്കം മറിഞ്ഞ ശേഷം ഓട്ടോറിക്ഷ തൊട്ടടുത്ത കെട്ടിടത്തിന്‍റെ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.


ഓട്ടോറിക്ഷയിൽ നിന്നും അപകടകരമാം വിധം റോഡിൽ പരന്നൊഴുകിയ ഓയിൽ കോട്ടയത്തു നിന്നും ഫയര്‍ ഫോഴ്സ് സംഘം എത്തി കഴുകി കളയുകയായിരുന്നു. ഈ അപകടത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് ഇതേ സ്ഥലത്ത് ഒരു ബൈക്ക് യാത്രികനും അപകടത്തില്‍ പെട്ടിരുന്നു. റോഡിന് കുറുകെ കടന്ന വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബൈജുവിന്‍റെ സംസ്കാരം നടത്തി.



Share this News Now:
  • Google+
Like(s): 211