02 January, 2018 11:08:36 AM


കേരളത്തിലെ ഏറ്റവും വലിയ കഥകളി മേളയ്ക്ക് 8 ന് അയിരൂരില്‍ തിരി തെളിയും



പത്തനംതിട്ട : കേരളത്തിലെ ഏറ്റവും വലിയ കഥകളി മേളയ്ക്ക് ജനുവരി 8 ന് കേളികൊട്ട് ഉയരും .പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്ബാ മണല്‍പ്പുറത്താണ് കഥകളി മേള നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ടാം തീയ്യതി രാവിലെ 10മണിക്ക് നടന്‍ നെടുമുടി വേണു മേള ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡണ്ട് ഡോ. ജോസ് പാറക്കടവില്‍ അദ്ധ്യക്ഷത വഹിക്കും. നാട്യഭാരതി അവാര്‍ഡ് കഥകളി നടന്‍ ഇഞ്ചക്കാട്ട് രാമന്‍ പിള്ളയ്ക്കും, അയിരൂര്‍ രാമന്‍ പിള്ള അവാര്‍ഡ് കഥകളി സാഹിത്യകാരന്‍ ഡോ. എന്‍ പി വിജയകൃഷ്ണനും നല്‍കും. വി ആര്‍ വിമല്‍രാജ് രചിച്ച കഥകളിയുടെ കഥകള്‍ എട്ടാം ഭാഗം നെടുമുടി വേണു പ്രകാശനം ചെയ്യും. 

കഥകളി പണ്ഡിതന്‍ പി വേണുഗോപാലിനെ ആദരിക്കും. തപാല്‍ വകുപ്പ് പുറത്തിറക്കിയ കഥകളിമേള 2018 സ്റ്റാംപ് നെടുമുടി വേണു പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ച് മണി മുതല്‍ കേരള കലാമണ്ഡലം അയിരൂര്‍ ഉപകേന്ദ്രത്തിലെ മോഹിനിയാട്ടം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോര്‍ജ് മാമന്‍ കൊണ്ടുര്‍ ഉദ്ഘാടനം ചെയ്യും. രാത്രി കഥകളി അരങ്ങേറും.



Share this News Now:
  • Google+
Like(s): 244