02 January, 2018 10:36:31 AM


രാജ്യസഭയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകും



ദില്ലി: പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ രാജ്യസഭയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. 245 അംഗ സഭയില്‍ ബി.ജെ.പിക്ക് 67 അംഗങ്ങളെയും എന്‍.ഡി.എക്ക് 98 അംഗങ്ങളെയുമാണ് ലഭിക്കുക. ഇപ്പോള്‍ 57 അംഗങ്ങളാണ് ബി.െജ.പിക്കുള്ളത്. നിലവില്‍ രാജ്യസഭയിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. 57 അംഗങ്ങളില്‍ നിന്ന് 48 ആയാണ് അംഗസംഖ്യ കുറയുക. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയുടെ ശക്തി 72ല്‍ നിന്ന് 63ലേക്ക് താഴും.



ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ ഹരിയാന, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നേടിയ തെരഞ്ഞെടുപ്പ് വിജയമാണ് ബി.ജെ.പിക്ക് ഗുണകരമായത്. ആറ് അംഗങ്ങളുള്ള ബി.ജെ.പി ഘടകകക്ഷി ജെ.ഡി.യുവിന് ഒന്നിലധികം പേരെ നഷ്ടമാകും. എന്നാല്‍, യു.പി.എ കക്ഷിയായ ആര്‍.ജെ.ഡിക്ക് നിലവിലെ മൂന്നു അംഗങ്ങള്‍ക്കൊപ്പം രണ്ടു പേരെ കൂടി ലഭിക്കും.



തെലുങ്കാനയിലെ ടി.ആര്‍.എസിന്‍റെ അംഗസംഖ്യ മൂന്നില്‍ നിന്ന് അഞ്ചായി ഉയരും. കോണ്‍ഗ്രസിനും സമാജ് വാജി പാര്‍ട്ടിക്കുമാണ് കനത്ത നഷ്ടം ഉണ്ടായത്. ഇവര്‍ക്ക് അഞ്ച് സീറ്റുകളാണ് നഷ്ടമായത്. ആകെ സീറ്റില്‍ നാലെണ്ണം നാമനിര്‍ദേശം ചെയ്യേണ്ടതാണ്. ഇതില്‍ മൂന്നെണ്ണം ഏപ്രിലിലും ഒരെണ്ണം ജൂലൈയിലും നികത്തപ്പെടും. മുമ്ബ് ബി.െജ.പി നാമനിര്‍ദേശം ചെയ്ത 12 അംഗങ്ങളില്‍ ഏഴെണ്ണം പാര്‍ട്ടി അംഗങ്ങളും സുബ്രഹ്മണ്യ സ്വാമി അടക്കം നാലു പുറത്തുള്ളവരും ആണ്.



Share this News Now:
  • Google+
Like(s): 128