01 January, 2018 11:33:07 AM


പുതുവത്സരപുലരിയില്‍ വഴിയാത്രക്കാരന് പോലീസ് മര്‍ദ്ദനം; സംഭവം കോട്ടയം പേരൂരില്‍



കോട്ടയം: പുതുവത്സര പുലരിയില്‍ വഴിയാത്രക്കാരന് പോലീസ് മര്‍ദ്ദനം. പേരൂര്‍ വാതുക്കാപ്പള്ളില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (56) ആണ് മര്‍ദ്ദനത്തിനിരയായത്. ചൂരല്‍ കൊണ്ടുള്ള മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗോപാലകൃഷ്ണന്‍ നായരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വെളുപ്പിനെ മൂന്ന് മണിക്ക് പേരൂര്‍ പാറേക്കടവ് ഭാഗത്ത് അപ്പന്‍ പടിയിലായിരുന്നു സംഭവം.


ഭാര്യാ സഹോദരിയുടെ മകന്‍റെ സ്ഥാപനമായ സത്യം ട്രേഡേഴ്സില്‍ ലോഡിറക്കിയ ശേഷം അടുത്തുള്ള വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു ഗോപാലകൃഷ്ണന്‍. ഈ സമയം അവിടെയെത്തിയ ഏറ്റുമാനൂര്‍ പോലീസ് വാഹനം നിര്‍ത്തി ഗോപാലകൃഷ്ണന്‍റെ പുറത്ത് ചൂരല്‍ കൊണ്ട് അടിക്കുകയായിരുന്നു. താന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞെങ്കിലും വീണ്ടും പോലീസ് അടിക്കാനോങ്ങിയപ്പോള്‍ അടികൊള്ളാതെ ചൂരലില്‍ പിടിച്ചുവെന്നും അതിന്‍റെ വൈരാഗ്യത്തില്‍ വീണ്ടും തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.


മുഖത്ത് കൊള്ളാതിരിക്കാന്‍ കൈ പോത്തി പിടിച്ചതിനാല്‍ പിന്നീട് കിട്ടിയ അടിയെല്ലാം കൈയിലായിരുന്നു. പുറത്തും കൈകളിലുമായി അഞ്ച് അടികള്‍ കിട്ടിയതിന്‍റെ പാടുകളുണ്ട്. മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ ഗോപാലകൃഷ്ണന്‍ അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറി. ഈ സമയം പോലീസ് വാഹനം ഓടിച്ചുപോകുകയും ചെയ്തുവത്രേ. വീട്ടിലെത്തിയ ഗോപാലകൃഷ്ണന്‍ 3.45 മണിയോടെ 1090 നമ്പരില്‍ ക്രൈ സ്റ്റോപ്പറിലേക്ക് വിളിച്ച് പരാതി പറഞ്ഞു. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു മറുപടി. പിന്നീട് വേദന അസഹ്യമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.


അതേ സമയം ഇങ്ങനോരു സംഭവത്തെ പറ്റി അറിയില്ലാ എന്നായിരുന്നു ഏറ്റുമാനൂര്‍ പോലീസിന്‍റെ ആദ്യ വിശദീകരണം. പിന്നീട് ഗോപാലകൃഷ്ണനും സംഘവും മദ്യപിച്ച് വഴിയില്‍ തിരുവാതിര കളിക്കുകയായിരുന്നുവെന്നും അപ്പോള്‍ ഓടിച്ചുവിടുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. എന്നാല്‍ പോലീസ് പറയുന്നത് തീര്‍ത്തും കളവാണെന്നും തന്‍റെയൊപ്പം ആരുമില്ലായിരുന്നുവെന്നും മര്‍ദ്ദനത്തിന്‍റെ പാടുകള്‍ കാട്ടി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. 



Share this News Now:
  • Google+
Like(s): 1129