30 December, 2017 11:23:01 PM


ഏറ്റുമാനൂര്‍ പടിഞ്ഞാറെനട കുടിവെള്ള പദ്ധതി: നഗരസഭയില്‍ പോര് മുറുകികോട്ടയം: ഏറ്റുമാനൂര്‍ പടിഞ്ഞാറെനട കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം വഴിത്തിരിവില്‍. കുടിവെള്ളപദ്ധതിയെ ചൊല്ലി ബിജെപി പ്രതിനിധിയായ  34-ാം വാര്‍ഡ് കൗണ്‍സിലറും ഭരണ - പ്രതിപക്ഷ കൗണ്‍സില്‍ അംഗങ്ങളും തമ്മില്‍ നഗരസഭാ കൗണ്‍സിലില്‍ പൊട്ടിപുറപ്പെട്ട പോര് നിയന്ത്രണാതീതമാകുകയാണ്. കുടിവെള്ള പദ്ധതിയ്ക്ക് അനുവദിച്ച തുക നഗരസഭ നല്‍കുന്നില്ലെന്ന് കാട്ടി കൗണ്‍സിലര്‍ ഉഷാ സുരേഷ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്.


കഴിഞ്ഞ 19ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലറുടെ തെറ്റ് ചൂണ്ടികാട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം ബഹളം വെച്ചത് വാര്‍ത്തയായിരുന്നു. പിറ്റേന്ന് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ ഉഷാ സുരേഷിന്‍റെ വിശദീകരണത്തോട് കൂടി വാര്‍ത്ത പ്രസിദ്ധീകരിച്ചുവെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഉഷാ സുരേഷും വിദ്യാഭ്യാസകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഗണേശ് ഏറ്റുമാനൂരും കോട്ടയത്ത് പത്രസമ്മേളനം വിളിച്ച് നഗരസഭയ്ക്കെതിരെ ആഞ്ഞടിച്ചത്. ഇതോടെ സംഭവത്തിന്‍റെ നിജസ്ഥിതി അറിയിച്ചുകൊണ്ട് നഗരസഭാ ചെയര്‍മാന്‍റെ ചുമതലയുള്ള ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ റോസമ്മ സിബിയും പത്രക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.


നഗരസഭ പണം അനുവദിക്കുന്നില്ലെന്ന ആക്ഷേപം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും കൗണ്‍സിലറുടെ വീഴ്ച മറയ്ക്കുവാനുമാണെന്ന് ഡപ്യൂട്ടി ചെയര്‍പേഴ്സന്‍റെ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു. നഗരസഭാ പൊതുമരാമത്ത് കമ്മറ്റിയിലോ ജനറല്‍ കൗണ്‍സിലിലോ ചര്‍ച്ച ചെയ്യുക പോലും ചെയ്യാത്ത പദ്ധതിയ്ക്ക് തുക അനുവദിക്കുന്നില്ലെന്ന് കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തെഴുതിയത് അധികാരികളെയും തെറ്റിദ്ധരിപ്പിക്കാനാണ് സഹായിച്ചത്. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ മറ്റൊരു പേരില്‍ പദ്ധതിയ്ക്ക് അനുവദിച്ച തുക കൗണ്‍സിലറുടെ വീഴ്ച മൂലം ലാപ്സായി പോയതും ജനങ്ങളില്‍ നിന്നും തുക പിരിച്ച് ബാധ്യതയുള്ള സ്ഥലം മേടിച്ചതും മറച്ചുവെയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വ്യാജപരാതിയും തുടര്‍സംഭവങ്ങളുമെന്ന് ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ പറയുന്നു.


ഡപ്യൂട്ടി ചെയര്‍പേഴ്സന്‍റെ പത്രക്കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ -


ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ 2012-13 ല്‍ വാലുതൊട്ടി കുടിവെള്ള പദ്ധതി എന്ന പേരില്‍ ആരംഭിച്ച പദ്ധതിയ്ക്ക് പിന്നീട് 22, 23 വാര്‍ഡ് കുടിവെള്ള പദ്ധതി എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചു. ഗുണഭോക്തൃവിഹിതം ഉപയോഗിച്ച് സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കിണര്‍ കുഴിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതി ഇല്ലാത്തതിനാല്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭിച്ചില്ല. 2013-14 ല്‍ പടിഞ്ഞാറെ നട കുടിവെള്ളപദ്ധതി എന്ന പേരില്‍ ഏഴ് ലക്ഷം രൂപാ അനുവദിക്കുകയും പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്തു. 2014-15 ല്‍ ഒമ്പത് ലക്ഷം രൂപാ മോട്ടോറും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിന് അനുവദിച്ചെങ്കിലും നിശ്ചിതസമയത്ത് ഗുണഭോക്തൃസമിതിയോഗം വിളിക്കുകയോ എഗ്രിമെന്‍റ് വെക്കുകയോ ചെയ്യാതിരുന്നതിനാല്‍ ഫണ്ട് ലാപ്സായി പോയി.


2015-16 ല്‍ ആറ് ലക്ഷം രൂപാ അനുവദിച്ചെങ്കിലും എഗ്രിമെന്‍റ് വെക്കാത്തതിനാല്‍ ആ തുകയും ലാപ്സായി. ഇതിനിടെ 230 ഓളം ഗുണഭോക്താക്കളില്‍ നിന്ന് 2000 രൂപാ പ്രകാരം പിരിവെടുത്ത് സ്ഥലം വാങ്ങി. ഗുണഭോക്താക്കളെ കബളിപ്പിച്ച് വാങ്ങിയത് ബാധ്യതയുള്ള സ്ഥലമായിരുന്നു. ബാങ്കില്‍ ബാധ്യത നില്‍ക്കുന്നതിനാല്‍ ഇതുവരെ പോക്കുവരവ് ചെയ്ത് നഗരസഭാ സെക്രട്ടറിയുടെ പേരില്‍ നല്‍കാന്‍ കൗണ്‍സിലര്‍ക്കോ സമിതിക്കോ കഴിഞ്ഞിട്ടില്ല. നഗരസഭയുടെ പേരില്‍ എഴുതി നല്‍കാത്ത സ്ഥലത്ത് ടാങ്ക് സ്ഥാപിക്കാന്‍ പണം അനുവദിക്കുന്നില്ലാ എന്നുകാട്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പരാതി അയച്ചത്.


അതേസമയം, ഈ കുടിവെള്ള പദ്ധതിയ്ക്കായി ബഹുവര്‍ഷ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം ഇരുപത് ലക്ഷം രൂപയും വകകൊള്ളിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കാന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി നഗരസഭാ ഫണ്ട് കൂടാതെ എംഎല്‍എ ഫണ്ടും മറ്റ് കേന്ദ്ര ഫണ്ടുകളും വിനിയോഗിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. വസ്തുതകള്‍ ഇതായിരിക്കെ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്കെതിരെ നടത്തുന്നത് വ്യാജ ആക്ഷേപമാണ്. ജനങ്ങളോട് പ്രതിബദ്ധത ഉണ്ടാവേണ്ട വാര്‍ഡ് കൗണ്‍സിലര്‍, തന്‍റെ ഉത്തരവാദിത്വമില്ലായ്മ മൂലം ഫണ്ട് ലാപ്സായതുള്‍പ്പെടെയുള്ള കാര്യങ്ങളിലും മറ്റും ജാള്യത മറയ്ക്കാന്‍ നഗരസഭയ്ക്കെതിരെ വ്യാജ പരാതി ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. റോസമ്മ സിബി പറഞ്ഞു.


വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദ്, പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിജി ഫ്രാന്‍സിസ്, കമ്മറ്റിയംഗം ബോബന്‍ ദേവസ്യ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സൂസന്‍ തോമസ്, കൗണ്‍സിലര്‍ ജോയി മന്നാമല എന്നിവരും നഗരസഭയെ അനുകൂലിച്ചും കൗണ്‍സിലര്‍ ഉഷാ സുരേഷിനെതിരെ പ്രതികരിച്ചും രംഗത്തെത്തി.
Share this News Now:
  • Google+
Like(s): 622