30 December, 2017 08:05:54 PM


മന്ത്രിമാരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ലൈക്ക് കൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്



തിരുവനന്തപുരം: മന്ത്രിമാരുടെ ഫെയ്‌സ്ബുക്ക് പേജുകള്‍ക്ക് ലൈക്ക് കൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ പ്രത്യേക നവമാധ്യമ സെല്‍ രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച പ്രത്യേക യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരിക്കും ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.


പത്ര-ദൃശ്യ മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ജനകീയപദ്ധതികള്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് പുതിയ നീക്കം. മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും പേജൂകള്‍ ഒഴിച്ചാല്‍ മറ്റ് മന്ത്രിമാരുടെ പേജുകള്‍ക്ക് ലൈക്ക് കുറവാണ്. 6.17 ലക്ഷം ലൈക്കുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ പേജാണ് മുന്നില്‍. തൊട്ടുപിന്നില്‍ 5.97 ലക്ഷം ലൈക്കുമായി മുഖ്യമന്ത്രിയുടെ പേജുണ്ട്.


മന്ത്രിമാരില്‍ കെ.ടി ജലീലിന് 1.65 ലക്ഷം ലൈക്കുകളുണ്ട്. ആരോഗ്യ മന്ത്രി കെ.കെ ഷൈലജയ്ക്ക് 1.11 ലക്ഷം ലൈക്കുകളും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് 36850 ലൈക്കുകളുമുണ്ട്. ഫെയ്‌സ്ബുക്ക് ലൈക്കിന്റെ കാര്യത്തില്‍ സി.പി.ഐ മന്ത്രിമാര്‍ ബഹുദൂരം പിന്നിലാണ്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് 7210 ലൈക്കുകളും ഭക്ഷ്യ മന്ത്രി പി. തിലോത്തമന് 2393 ലൈക്കുകളും മാത്രമാണുള്ളത്.



Share this News Now:
  • Google+
Like(s): 176