30 December, 2017 01:39:07 PM


ആധാര്‍ നല്‍കിയില്ല; വീരമൃത്യു വരിച്ച ജവാന്‍റെ വിധവ ചികിത്സ ലഭിക്കാതെ മരിച്ചു



ചണ്ഡീഗഢ്: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍റെ വിധവ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്​ മരിച്ചെന്ന്​ പരാതി. ഹരിയാനയിലെ സോനിപത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്​ത്രീക്ക്​ ആധാറില്ലെന്ന പേരില്‍ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന്​ മകന്‍ ആരോപിച്ചു. ഗുരുതരാവസ്ഥയിലാണ്​ മാതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും എന്നാല്‍ ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന്​ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നും മകന്‍ പവന്‍കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.


ആശുപത്രി അധികൃതര്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു. എന്നാല്‍ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിരുന്ന ആധാറി​ന്‍റെ പകര്‍പ്പ് കാണിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ആധാര്‍ കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ തയാറായില്ലെന്നും പവന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.


എന്നാല്‍ ആശുപത്രി അധികൃതര്‍ പവന്‍ കുമാറിന്‍റെ വാദം തള്ളി. പവന്‍ കുമാര്‍ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നും ആധാര്‍ കാര്‍ഡ് ഇല്ലാത്തതി​ന്‍റെ പേരില്‍ ആര്‍ക്കും ഇതേവരെ ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രേഖകള്‍ തയാറാക്കുന്നതിനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്നും ചികിത്സക്കല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 105