30 December, 2017 01:24:22 PM


അമേരിക്കന്‍ സൈന്യത്തില്‍ ഭിന്നലിംഗക്കാരെ നിയമിക്കണമെന്ന് കോടതി



വാഷിംഗ്ടണ്‍ : അമേരിക്കന്‍ സൈന്യത്തില്‍ തിങ്കളാഴ്ച മുതല്‍ ഭിന്നലിംഗക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നുവെന്ന് പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്‍റഗണ്‍. ഫെഡറല്‍ കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ഭിന്നലിംഗക്കാരോടുള്ള സമീപനത്തിന് പുതിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭിന്നലിംഗക്കാരെ യുഎസ് സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്ക് സൈനിക ജോലികള്‍ നിര്‍വഹിക്കാനാകില്ലെന്നും ,ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്നത് വന്‍ പണച്ചെലവിനും നാശനഷ്ടത്തിനും കാരണമാകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.


വാഷിംഗ്ടണിലെയും , വെര്‍ജീനിയയിലെയും ഫെഡറല്‍ കോടതികള്‍ ട്രംപ് ഭരണകൂടം നല്‍കിയ ഹര്‍ജി തള്ളുകയും , ജനുവരി ഒന്നിന് സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകളെ നിയമിച്ചു തുടങ്ങണമെന്ന് ഉത്തരവിടുകയും ചെയ്തു. കോടതി ഉത്തരവ് പ്രകാരം ഡിപാര്‍ട്ട്മെന്‍റ്  ഓഫ് ഡിഫന്‍സ് ജനുവരി ഒന്ന് മുതല്‍ ട്രാന്‍സ്ജെന്റര്‍ അപേക്ഷകരെ തിരഞ്ഞെടുത്തു തുടങ്ങുമെന്ന് പെന്‍റഗണ്‍ വക്താവ് ഹേതര്‍ ബാബ് വ്യക്തമാക്കി. എല്ലാ അപേക്ഷകര്‍ക്കും വ്യക്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും നിയമനം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Google+
Like(s): 118