30 December, 2017 08:24:10 AM


തടി മുറിച്ചെന്ന പരാതി: തൊണ്ണൂറുകാരിയെ പോലീസ് സ്റ്റേഷനിലെത്തിച്ചത് കട്ടിലില്‍ കിടത്തി



റാന്നി: സ്ഥലം കൈയേറി തടി മുറിച്ചെന്ന പരാതിയില്‍ പോലീസ് വിളിപ്പിച്ചതിനെത്തുടര്‍ന്ന്, ശയ്യാവലംബയായ തൊണ്ണൂറുകാരിയെ കട്ടിലില്‍ ബന്ധുക്കള്‍ റാന്നി പോലീസ് സ്റ്റേഷനിലെത്തിച്ചു.വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പുതുശ്ശേരിമല കണ്ടംകുളത്ത് മറിയാമ്മയെയാണ് കട്ടിലില്‍ സ്റ്റേഷനില്‍ കൊണ്ടുവന്നത്. സ്റ്റേഷനു സമീപം വരെ ഇവരെ കാറില്‍ കൊണ്ടുവരികയും അവിടെനിന്നു കട്ടിലില്‍ കിടത്തി കൊണ്ടുപോവുകയുമായിരുന്നു.


മരുമകന്‍ മാത്യു, കൊച്ചുമകള്‍ റെനി, അയല്‍വാസി എന്നിവരാണ് ഇവരെ ചുമന്നുകൊണ്ടുവന്നത്. സ്ഥലം കൈയേറി മരങ്ങള്‍ മുറിച്ചെന്ന് ഒരു സഭയുടെ ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് തങ്ങളെ വിളിപ്പിച്ചതെന്ന് മറിയാമ്മയുടെ കൊച്ചുമകന്‍ ഷാജന്‍ പറയുന്നു.വീട്ടില്‍ നിന്നിറങ്ങണമെന്നാവശ്യപ്പെട്ട് ഏതാനും പേര്‍ ബുധനാഴ്ച വീട്ടിലെത്തി മറിയാമ്മയെ കട്ടിലില്‍ നിന്നു താഴെയിടാന്‍ ശ്രമിക്കുകയും മകള്‍ സാറാമ്മയെയും മാത്യുവിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു. സാറാമ്മ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അന്നു പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത പോലീസ്, എതിര്‍വിഭാഗം നല്‍കിയ പരാതിയില്‍ ഉടന്‍ തങ്ങളെ വിളിപ്പിക്കുകയായിരുന്നുവെന്ന് ഷാജന്‍ പറയുന്നു.


വയോധികയെക്കൂട്ടി സ്റ്റേഷനിലെത്തിയശേഷമാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായതെന്നാണ് മറിയാമ്മയുടെ ബന്ധുക്കള്‍ പറയുന്നത്. വീടിന്റെ മുകളിലേക്കു ചാഞ്ഞുകിടന്ന ഏതാനും കമ്പുകള്‍ മുറിച്ചതിനാണ് പരാതി നല്‍കിയിരിക്കുന്നത്. എഴുപത്തിനാലു വര്‍ഷമായി മറിയാമ്മയും കുടുംബവും ഇവിടെയാണു താമസിക്കുന്നത്. ഈ സ്ഥലം സഭയുടേതാണെന്നും ഇറങ്ങിത്തരണമെന്നും പറഞ്ഞ് ചിലര്‍ ശല്യം ചെയ്യുന്നു. ഭൂമിയുടെ കൈവശാവകാശരേഖയും കരംതീരുവയും ഇവരുടെ പക്കലുണ്ട്.


ഇവിടെ പണ്ടു താമസിച്ചിരുന്ന ഒരാളെ പരിചരിച്ചതിനു സഭതന്നെ മറിയാമ്മയ്ക്കു വിട്ടുനല്‍കിയ സ്ഥലത്തിന് ഇപ്പോള്‍ ചിലര്‍ അവകാശമുന്നയിക്കുകയാണെന്നാണ് ഇവരുടെ പരാതി. ഇതുസംബന്ധിച്ച് പോലീസ്‌മേധാവിക്കും മനുഷ്യാവകാശകമ്മിഷനും വനിതാ കമ്മിഷനും പരാതി നല്‍കുമെന്ന് മറിയാമ്മയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ഇരുപരാതിയും അന്വേഷിക്കാനാണ് ഇരുകൂട്ടരെയും വിളിച്ചതെന്നും, വയോധികയെ കൊണ്ടുവരണമെന്നു പറഞ്ഞിട്ടില്ലെന്നും സി.ഐ. എസ്. ന്യൂമാന്‍ വ്യക്തമാക്കി. മര്‍ദിച്ച സംഭവത്തില്‍ മൊഴിയെടുത്തു കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Google+
Like(s): 64