29 December, 2017 01:05:59 PM


സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റ്​: പയ്യോളിയില്‍ ഹര്‍ത്താല്‍ തുടരുന്നു



പയ്യോളി: ബി.എം.എസ് നേതാവ് അയനിക്കാട് ചൊറിയന്‍ചാല്‍ താരേമ്മല്‍ സി.ടി. മനോജിനെ (35) വധിച്ച കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി നേതാക്കള്‍ ഉള്‍പ്പെടെ ഒമ്പത് സി.പി.എം പ്രവര്‍ത്തകരെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തതില്‍ പ്രതിഷേധിച്ച്‌​ പയ്യോളിയില്‍ സി.പി.എം പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു. പയ്യോളി നഗരസഭ, തിക്കോടി, തുറയൂര്‍, മൂടാടി പഞ്ചായത്ത് പരിധിയിലാണ്​ ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയുന്നില്ല. ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്​ സംഘാടകര്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.


മുന്‍ ഏരിയ സെക്രട്ടറിയും സി.പി.എം കോഴിക്കോട്​ ജില്ല കമ്മിറ്റിയംഗവുമായ ടി. ചന്തു, ലോക്കല്‍ സെക്രട്ടറി പി.വി. രാമചന്ദ്രന്‍, ഏരിയ കമ്മിറ്റിയംഗം സി. സുരേഷ് ബാബു, ലോക്കല്‍ കമ്മിറ്റിയംഗം എന്‍.സി. മുസ്തഫ, ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭ കൗണ്‍സിലറുമായ കെ.ടി. ലിഖേഷ്, ഡി.വൈ.എഫ്.ഐ മൂടാടി മേഖല സെക്രട്ടറി പി. അനൂപ്, അയനിക്കാട് ബ്രാഞ്ച് മുന്‍ സെക്രട്ടറി പി.കെ. കുമാരന്‍, മുചുകുന്ന് നെരവത്ത് രതീഷ്, കൊടക്കാട്ട് അഖില്‍നാഥ്​ എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ അറസ്​റ്റ്​ ചെയ്തത്. വടകരയിലെ സി.ബി.ഐ ക്യാമ്ബ് ഓഫിസില്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ഇവരെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു.


2012 ഫെബ്രുവരി 12-നാണ് മനോജ് കൊല്ലപ്പെട്ടത്. വീട്ടിലിരിക്കുകയായിരുന്ന മനോജിനെ ഒരു സംഘം ആക്രമിച്ച്‌ കുടുംബത്തിന്‍റെ മുന്നിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്ക്​ ഗുരുതരമായി പരിക്കേറ്റ മനോജ് ഫെബ്രുവരി 13 ന്​ കോഴിക്കോട്​ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ 15പേര്‍ പ്രതികളായി. 14 സി.പി.എം പ്രവര്‍ത്തകര്‍ അറസ്​റ്റിലായി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ വിദേശത്തേക്ക് കടന്നു.


ലോക്കല്‍ പൊലീസി​ന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും കാണിച്ച്‌ മനോജി​ന്‍റെ ഭാര്യ പുഷ്പ ഹൈകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് സി.ബി.ഐക്ക്​ വിടാന്‍ ഹൈകോടതി ഉത്തരവിട്ടു. സി.ബി.ഐ കേസ് ഏറ്റെടുത്ത് 18 മാസത്തിനകമാണ് ഗൂഢാലോചന കുറ്റം ചുമത്തി സി.പി.എമ്മി​ന്‍റെ ജില്ല കമ്മിറ്റി മെംബര്‍മാര്‍ ഉള്‍പ്പെടെ സി.പി.എം പ്രവര്‍ത്തകര്‍ അറസ്​റ്റിലാവുന്നത്. അറസ്​റ്റിലായവരെ എറണാകുളം സി.ബി.ഐ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി.



Share this News Now:
  • Google+
Like(s): 42