29 December, 2017 11:01:38 AM


മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയ സംഭവം: സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി



തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണ്ണകിയമ്മന്‍ ഹൈസ്കൂളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. സ്കൂള്‍ ഹെഡ് മാസ്റ്റര്‍, മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാടെത്തിയ മോഹന്‍ ഭഗവത് പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹൈസ്കൂളില്‍ പതാക ഉയര്‍ത്തിയത് വന്‍ വിവാദമായിരുന്നു. ചട്ടമനുസരിച്ച്‌ സ്കൂള്‍ ഹെഡ് മാസ്റ്റര്‍, ജനപ്രതിനിധി എന്നിവര്‍ക്ക് മാത്രമേ സ്കൂളില്‍ പതാക ഉയര്‍ത്താന്‍ അവകാശമുള്ളൂ. ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് മറികടന്ന് പതാക ഉയര്‍ത്തിയ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സ്കൂള്‍ ഹെഡ് മാസ്റ്റര്‍, മാനേജര്‍ എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.

ഇവര്‍ നല്‍കിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടി. ഇക്കാര്യത്തില്‍ ക്രിമിനല്‍ നടപടി എടുക്കുന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് പാലക്കാട് എസ്.പിക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 61