28 December, 2017 07:25:43 AM


സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തിരുവല്ലയിൽ തുടക്കം



പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തിരുവല്ലയിൽ തുടക്കമാകും. വൈകിട്ട് 4ന് സംസ്ഥാന സമിതി അംഗം കെ അനന്തഗോപൻ പതാക ഉയർത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക. നാളെയാണ് പ്രതിനിധി സമ്മേളനം . 31 ന് പുതിയ ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നടക്കും.


വിഭാഗീയത അകന്നു നിന്ന പത്തനംതിട്ടയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെയാണ് ലോക്കൽ ഏരിയ സമ്മേളനങ്ങൾ പൂർത്തിയായത്. റാന്നി പെരുനാട് ഏരിയ സമ്മേളനത്തിലെ കലഹവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിഎസ് മോഹനൻ സമ്മേളന വേദി വിട്ടതും ജില്ലാ സമ്മേളനത്തിൽ ചർച്ചയായേക്കും.


ജില്ലാ സെക്രട്ടറി കെപി ഉദയഭാനു സ്ഥാനത്ത് തുടരാൻ സാധ്യതയുണ്ട്. യുവജന വനിതാ പ്രതിനിധികളെ പുതുമുഖങ്ങളായി പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും. നാളെ രാവിലെ 9 ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പൊതുചർച്ച നടക്കും.


31ന് വൈകിട്ട് പൊതുസമ്മേളനം കലാപരിപാടികൾ പുതുവത്സര പിറവി ആഘോഷം എന്നിവയോടെ സമ്മേളന നടപടികൾ അവസാനിക്കും. നിയമസഭാ തെരഞ്ഞടുപ്പിൽ കോന്നിയിലെ പരാജയം,ബിജെപിയുടെ വോട്ട് വർധനവ്, ചെങ്ങറ സമരഭൂമിയിലെ തീവ്ര കക്ഷികളുടെ കടന്നുകയറ്റം എന്നിവ ചർച്ചകളിൽ ഇടം പിടിക്കും.



Share this News Now:
  • Google+
Like(s): 277