27 December, 2017 10:09:42 PM


2021ല്‍ ഗ്രാമങ്ങളുടെ ഉള്ളറകളില്‍ പോലും ഗതാഗത സൗകര്യം എത്തും - മന്ത്രി സുധാകരന്‍



തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് 2021 ആകുമ്പോള്‍ 1.25 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. ഇതോടെ ഗ്രാമങ്ങളുടെ ഉള്ളറകളില്‍പോലും ഗതാഗത സൗകര്യം എത്തിക്കാന്‍ നമുക്ക് കഴിയും. എല്‍.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച കഴിഞ്ഞ രണ്ടു ബജറ്റുകളിലായി പൊതുമരാമത്ത് വകുപ്പിന് മാത്രമായി അടിസ്ഥാന സൗകര്യവികസനത്തിന് 60,000 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി ചൂണ്ടികാട്ടി. 


കിഫ്ബി പദ്ധതിയില്‍ 31.7 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വാമനപുരം ചിറ്റാര്‍ റോഡിന്‍റെയും (കാരേറ്റ് - പാലോട്) 32 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പിരപ്പന്‍കോട് പന്തപ്ലാവിക്കോണം അമ്പലംമുക്ക് റിംഗ് റോഡിന്‍റെയും നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എന്‍.എച്ച്, എം.സി റോഡുകള്‍ തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ ഇന്ന് കരമന മുതല്‍ കാസര്‍കോടു വരെയുള്ള ദേശീയപാത മനോഹരമാക്കി. എം.സി റോഡും പൂര്‍ണ്ണമായി ഗതാഗതയോഗ്യമാക്കി.


പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ ടാറിനായി ഉപയോഗിക്കുന്നു. ഇതിനു പുറമേ സ്വാഭാവിക റബറിന്‍റെ അളവ് കൂട്ടിയും ചകിരിനാരു കൊണ്ടുള്ള കയര്‍ ഭൂവസ്ത്രങ്ങള്‍ വിരിച്ചും റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്. മഴവെള്ളം വീണ് റോഡുകള്‍ തകരുന്നത് തടയാനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ അഴിമതിക്ക് എതിരെ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ അഴിമതി ആരു നടത്തിയാലും ശക്തമായ നടപടി ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 254