27 December, 2017 10:00:20 PM


കാറ്ററിംഗിന് കരാര്‍: പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ ഇനി ലാഭത്തില്‍ ഓടിയേക്കും
കോട്ടയം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള റസ്റ്റ് ഹൗസുകളിലെ കേറ്ററിംഗ് സംവിധാനത്തിന് മാറ്റം. ഇതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരുന്ന റസ്റ്റ് ഹൗസുകള്‍ക്ക് പുതുജീവന്‍ വെയ്ക്കുകയാണ്. സംസ്ഥാനത്തൊട്ടാകെയുളള റസ്റ്റ് ഹൗസുകളിലെ കാറ്ററിംഗ് നടത്തുന്നതിനുള്ള ചുമതല സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്തു നല്‍കുന്നതിലൂടെ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ അധികവരുമാനം പൊതുമരാമത്ത് വകുപ്പിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 


നിലവില്‍ ഇരുപതോളം റസ്റ്റ് ഹൗസുകളില്‍ മാത്രമാണ് സംസ്ഥാനത്ത് കേറ്ററിംഗ് സംവിധാനമുള്ളത്. ഇതുവരെ അതത് റസ്റ്റ് ഹൗസുകളിലെ കെയര്‍ ടേക്കര്‍മാരായിരുന്നു കേറ്ററിംഗ് സര്‍വ്വീസ് നടത്തി വന്നിരുന്നത്. കെയര്‍ടേക്കര്‍മാരില്‍ നിന്നും ചുമതല മാറ്റുന്നതോടൊപ്പം പുതുതായി മുപ്പതില്‍പരം റസ്റ്റ് ഹൗസുകളില്‍ കൂടി കാറ്ററിംഗ് ആരംഭിക്കും. ഇതും സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാനാണ് നീക്കം. ഇതിനുള്ള ലേലനടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു കഴിഞ്ഞു. കോട്ടയം ഉള്‍പ്പെടെ പല പ്രധാന റസ്റ്റ് ഹൗസുകളിലേയും കാറ്ററിംഗ് സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കി കഴിഞ്ഞു. 


വന്‍ ലാഭത്തില്‍ കാറ്ററിംഗ് സര്‍വ്വീസ് നടത്തിയിട്ടും പൊതുമരാമത്ത് വകുപ്പിന് ഭീമമായ നഷ്ടം വരുത്തിയാണ് കേരളത്തിലെ റസ്റ്റ് ഹൗസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ വകുപ്പ് മന്ത്രി ജി.സുധാകരന്‍ റസ്റ്റ് ഹൗസുകളുടെ നടത്തിപ്പിലുള്ള പാകപിഴകള്‍ ശ്രദ്ധിച്ചുവരികയായിരുന്നു. റസ്റ്റ് ഹൗസുകളിലെ അഴിമതി തുടച്ചുനീക്കുക എന്ന ഉദ്ദേശത്തോടെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ നടപടി. നടപടികള്‍ പൂര്‍ണ്ണമാകുന്നതോടെ നഷ്ടത്തിലോടിയിരുന്ന റസ്റ്റ് ഹൗസുകള്‍ ലാഭത്തിലേക്ക് നീങ്ങുമെന്നു മാത്രമല്ല സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.  


റസ്റ്റ് ഹൗസുകളിലെ കാറ്ററിംഗ് സംവിധാനം എത്ര നല്ല നിലയില്‍ നടന്നാലും പൊതുമരാമത്ത് വകുപ്പിന് ലഭിച്ചിരുന്നത് വളരെ തുശ്ചമായ ഒരു തുകയായിരുന്നു. നല്‍കുന്ന ഭക്ഷണത്തിന് രസീതും കണക്കുകളും ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. ഇതു കൂടാതെയാണ് റസ്റ്റ് ഹൗസുകളിലെ മുറികള്‍ മദ്യപാനത്തിനും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതും രേഖകളില്ലാതെ നല്‍കുന്നതും മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്. പലയിടത്തും വിജിലന്‍സ് പരിശോധനയില്‍ ഇത് പിടിക്കപ്പെടുകയും ചെയ്തിരുന്നു. 


റസ്റ്റ് ഹൗസുകളിലെ മുറിവാടകയിലും കാറ്ററിംഗിലും കിട്ടുന്ന വരുമാനം വെള്ളക്കരവും കറന്‍റ്ചാര്‍ജും കൃത്യമായി അടയ്ക്കുവാന്‍ പോലും തികയില്ലാത്ത അവസ്ഥയായിരുന്നു. വരുമാനം കുറയുകയും ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് കൃത്യമായി പണം അനുവദിക്കാതിരിക്കുകയും ചെയ്ത സാഹചര്യങ്ങളില്‍ റസ്റ്റ് ഹൗസുകളിലേക്കുള്ള വാട്ടര്‍-ഇലക്ട്രിസിറ്റി-കേബിള്‍ കണക്ഷനുകള്‍ കട്ട് ചെയ്യുന്നത് പതിവായിരുന്നു. മന്ത്രിമാരുള്‍പ്പെടെ വിഐപികള്‍ എത്തുമ്പോള്‍ റസ്റ്റ് ഹൗസുകളില്‍ കറന്‍റും വെള്ളവുമില്ലാതെ വന്നാല്‍ പഴിയും ശിക്ഷയും ലഭിക്കുന്നത് ബന്ധപ്പെട്ട അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കും. ഇതുകൊണ്ട് തന്നെ പലയിടത്തും ബന്ധപ്പെട്ട അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാര്‍ കയ്യില്‍ നിന്നും പണമെടുത്ത് അടച്ചാണ് ഇവ നിലനിര്‍ത്തി പോന്നിരുന്നത്. 


പരാതികള്‍ ഏറിയതോടെ റസ്റ്റ് ഹൗസുകളിലെ കാറ്ററിംഗ് കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുവാന്‍ ഇടയ്ക്ക് നീക്കം നടന്നിരുന്നു. ഇതനുസരിച്ച് പത്തനംതിട്ടയില്‍ ഉള്‍പ്പെടെ പല റസ്റ്റ് ഹൗസുകളിലെയും കാറ്ററിംഗ് നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലയിടത്തും കുടുംബശ്രീയുടെ കാറ്ററിംഗ് നടത്തിപ്പില്‍ അപാകതകള്‍ കണ്ടു തുടങ്ങി. ഇതേ തുടര്‍ന്ന് അടുത്തിടെയാണ് കാറ്ററിംഗ് സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്തു നല്‍കാമെന്ന തീരുമാനമുണ്ടായത്. 


കോട്ടയം റസ്റ്റ് ഹൗസില്‍ നിന്നും കാറ്ററിംഗ് സംവിധാനത്തിലൂടെ പ്രതിവര്‍ഷം 60,000 രൂപയോളം മാത്രമായിരുന്നു പൊതുമരാമത്ത് വകുപ്പിന്‍റെ വരുമാനം. ഇത് എത്ര കൂടിയാലും ഒരു ലക്ഷത്തിലധികം വരില്ലായിരുന്നു. കാറ്ററിംഗുമായി ബന്ധപ്പെട്ട കറന്‍റുചാര്‍ജും വെള്ളക്കരവും എല്ലാം ഈ തുകയില്‍ നിന്നു വേണമായിരുന്നു അടയ്ക്കാന്‍.  അതേസമയം കാറ്ററിംഗ് കരാര്‍ നല്‍കിയതിലൂടെ മൂന്ന് ലക്ഷം രൂപയുടെ അധികവരുമാനമാണ് കോട്ടയം റസ്റ്റ് ഹൗസില്‍ നിന്നു മാത്രം രണ്ട് വര്‍ഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് ലഭിക്കുക. മാത്രമല്ല, കാറ്ററിംഗുമായി ബന്ധപ്പെട്ട കറന്‍റുചാര്‍ജും വെള്ളക്കരവും കരാര്‍ എടുക്കുന്നയാള്‍ അടയ്ക്കണമെന്ന നിബന്ധനയുമുണ്ട്.


ഇപ്രകാരം കണക്കുകൂട്ടിയാല്‍ കേരളത്തിലെ എല്ലാ റസ്റ്റ് ഹൗസുകളില്‍ നിന്നും ലഭിക്കുന്ന വാര്‍ഷിക വരുമാനം കോടികളിലെത്തും. റസ്റ്റ് ഹൗസുകളെ നഷ്ടത്തില്‍ നിന്നും കരകയറ്റുക എന്ന ലക്ഷ്യത്തോടെ നേരത്തെ മുറി വാടകയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും മറ്റും അനാവശ്യമായി മുറികള്‍ ദുരുപയോഗം ചെയ്യുന്ന നടപടിയ്ക്ക് കടിഞ്ഞാണിടാന്‍ സഹായിച്ചിരുന്നു.


തിരുവനന്തപുരം പോലുള്ള ചുരുക്കം റസ്റ്റ് ഹൗസുകളില്‍ മാത്രമാണ് നിലവില്‍ മൂന്ന് നേരവും ഭക്ഷണം ലഭിക്കുന്നത്. കാറ്ററിംഗ് സര്‍വ്വീസുള്ള മറ്റ് പലയിടത്തും നിലവില്‍ ഉച്ചയൂണ് മാത്രമാണ് ലഭിക്കുന്നത്. മറ്റ് സമയങ്ങളില്‍ താമസക്കാര്‍  പുറത്ത് ഹോട്ടലുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഈ സ്ഥിതിക്കും മാറ്റമുണ്ടാകും. അതേസമയം, വന്‍തുകയില്‍ കാറ്ററിംഗ് ലേലം ചെയ്തതിനാല്‍ റസ്റ്റ് ഹൗസുകളിലെ ഭക്ഷണനിരക്ക് കൂടുവാനും ഗുണനിലവാരം കുറയാനും കാരണമാകും എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. 


കോട്ടയം ജില്ലയില്‍ പ്രതിവര്‍ഷം ഏഴ് ലക്ഷം രൂപാ വരുമാനം


പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകളിലെ കാറ്ററിംഗ് ചുമതല സ്വകാര്യ വ്യക്തികള്‍ക്ക് ലേലം ചെയ്തു നല്‍കിയതിലൂടെ കോട്ടയം ജില്ലയില്‍ നിന്നു മാത്രം സര്‍ക്കാരിന് പ്രതിവര്‍ഷം ഏഴ് ലക്ഷം രൂപയുടെ വരുമാനം. ജില്ലയിലെ നാല് റസ്റ്റ് ഹൗസുകളില്‍ നിന്നാണ് നിനച്ചിരിക്കാതെയുള്ള വരുമാനം സര്‍ക്കാരിന് ലഭിക്കുന്നത്.


അടുത്ത രണ്ട് വര്‍ഷത്തേക്കും കൂടി പതിനാല് ലക്ഷം രൂപയ്ക്കാണ്  കോട്ടയം, മുണ്ടക്കയം, പാലാ, വൈക്കം റസ്റ്റ് ഹൗസുകളിലെ കാറ്ററിംഗ് കരാര്‍ നല്‍കിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് കാറ്ററിംഗ് ലേലം പോയത് വൈക്കത്താണ്. അഞ്ച് ലക്ഷം രൂപ. കോട്ടയത്ത് നാലര ലക്ഷത്തിനും പാലായില്‍ മൂന്ന് ലക്ഷത്തിനുമാണ് ലേലം കൊണ്ടത്. കോട്ടയത്ത് കുടുംബശ്രീയും ലേലത്തില്‍ പങ്കെടുത്തിരുന്നു. 260,000 രൂപയായിരുന്നു ഇവര്‍ രേഖപ്പെടുത്തിയിരുന്നത്.  മുണ്ടക്കയത്ത് 1,20,000 രൂപയായിരുന്നു ലേലത്തുക. ഇവിടെ ലേലത്തില്‍ പങ്കെടുത്തത് ഒരാളാണ്. അതുകൊണ്ടു തന്നെ ഇത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരിഗണനയ്ക്കായി നല്‍കിയിരിക്കുകയാണ്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് റസ്റ്റ് ഹൗസുകളുടെ നടത്തിപ്പ് ചുമതല.  


നിലവില്‍ കോട്ടയം, പാലാ, മുണ്ടക്കയം തുടങ്ങിയ  റസ്റ്റ് ഹൗസുകളിലാണ് കാറ്ററിംഗ് സര്‍വ്വീസ് നടന്നുവന്നിരുന്നത്. വൈക്കത്ത് ആദ്യമായാണ് ആരംഭിക്കുന്നത്. ഈരാറ്റുപേട്ടയില്‍ നേരത്തെ കാറ്ററിംഗ് ഉണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് നിലച്ചു പോയി.  കടുത്തുരുത്തി, അരുണാപുരം, കാഞ്ഞിരപ്പള്ളി, എരുമേലി, ചങ്ങനാശ്ശേരി, പാമ്പാടി എന്നിവിടങ്ങളിലാണ് ജില്ലയിലെ മറ്റ് റസ്റ്റ് ഹൗസുകള്‍. സ്വകാര്യവ്യക്തികളെ കാറ്ററിംഗ് ഏല്‍പ്പിക്കുന്നതിലൂടെ റസ്റ്റ് ഹൗസുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നതെന്നും വിജയകരമായാല്‍ സംസ്ഥാനത്തെ മറ്റ് റസ്റ്റ് ഹൗസുകളിലേക്ക് കൂടി ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും ഒരു ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. 


റസ്റ്റ് ഹൗസുകളിലെ മുറികള്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതിന് കടിഞ്ഞാണിടാനുള്ള പദ്ധതികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്‍റെ ആദ്യപടിയായാണ് വളരെ തുശ്ചമായ വാടക വര്‍ദ്ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ റസ്റ്റ് ഹൗസിലെ ജീവനക്കാര്‍ക്ക് യൂണിഫോമും നിര്‍ബന്ധമാക്കിയിട്ടുണ്ട്.Share this News Now:
  • Google+
Like(s): 525