27 December, 2017 05:59:44 PM


മലേഗാവ് സ്‌ഫോടനം: ആറ് പ്രതികള്‍ക്കെതിരായ മക്കോക്ക ഒഴിവാക്കി



മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ ആറ് പ്രതികള്‍ക്കെതിരെ ചുമത്തിയ മക്കോക്ക (മഹാരാഷ്ട്രാ കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) ഒഴിവാക്കി. സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പുരോഹിത് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരായ മക്കോക്കയാണ് പ്രത്യേക എന്‍.ഐ.എ കോടതി ഒഴിവാക്കിയിട്ടുള്ളത്.  പ്രജ്ഞ സിങ് ഠാക്കൂര്‍ അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ഇളവ് അനുവദിച്ചിട്ടുള്ളത്.


എന്നാല്‍, ഇവരെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി. പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പുരോഹിത് എന്നിവര്‍ക്കെതിരെ യു.എ.പി.എ വകുപ്പുകളും ഗൂഢാലോചന അടക്കമുള്ളവയ്‌ക്കെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും നിലനില്‍ക്കും. പ്രവീണ്‍ തകല്‍ക്കി, ശ്യാംലാല്‍ സാഹു, ശിവനാരായണ്‍ കല്‍സംഗ്ര എന്നിവരെ പ്രത്യേക കോടതി കേസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


മലേഗാവില്‍ 2008 സെപ്റ്റംബര്‍ 29 നുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്ന അതേവര്‍ഷംതന്നെ സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരെ മറ്റ് ഒന്‍പത് പ്രതികള്‍ക്കൊപ്പം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തിരുന്നു. 2011 ഏപ്രിലിലാണ് കേസ് അന്വേഷണം തീവ്രവാദ വിരുദ്ധ സക്വാഡില്‍നിന്നും ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. കേസിലെ പ്രതികള്‍ക്കെല്ലാം പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കേസ് മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജനവരി 15 ന് വീണ്ടും പരിഗണിക്കും.



Share this News Now:
  • Google+
Like(s): 90