27 December, 2017 10:46:09 AM


സൈബര്‍ ആക്രമണം: പാര്‍വതിക്കെതിരായ പോസ്റ്റ് പ്രചരിപ്പിച്ച ഒരാള്‍ പിടിയില്‍



കൊച്ചി: കസബ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടി പാര്‍വതി നല്‍കിയ പരാതിയില്‍ ഒരാള്‍ പിടിയില്‍. വടക്കാഞ്ചേരി സ്വദേശി പ്രിന്‍റോ ആണ് അറസ്റ്റിലായത്. പാര്‍വതിക്കെതിരായ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് കൊച്ചി പോലീസ് പ്രിന്‍റോയെ അറസ്റ്റു ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച്‌ പാര്‍വതി ഡിജിപിക്കാണ് പരാതി നല്‍കിയത്.

പ്രിന്‍റോയ്ക്കെതിരെ സൈബര്‍ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. കൊച്ചി സൈബര്‍ സെല്ലിനാണ് പരാതിയിന്‍മേല്‍ അന്വേഷണ ചുമതല. ചലച്ചിത്ര മേളയിലെ സെമിനാറില്‍ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരേ നടി പൊതുവേദിയില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പാര്‍വതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായത്.



Share this News Now:
  • Google+
Like(s): 134