27 December, 2017 10:42:11 AM


ആംബുലന്‍സില്‍ മദ്യവും റഷ്യന്‍ ബെല്ലി ഡാന്‍സും; ഡോക്ടർമാരുടെ സംഗമം വിവാദത്തില്‍



മീറത്ത്: റഷ്യയില്‍ നിന്നും കൊണ്ടുവന്ന നര്‍ത്തകരുടെ ബെല്ലി ഡാന്‍സും ആംബുലന്‍സില്‍ മദ്യവുമായി യുപിയിലെ ഒരു സംഘം ഡോക്ടര്‍മാരുടെ പൂര്‍വവിദ്യാര്‍ത്ഥി സംഗമം. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജായ ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലാണ് സംഭവം.


യുപിയുടെ തലസ്ഥാനമായ ലക്‌നൗവില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ഈ കോളജില്‍ നടന്ന ഈ അഴിഞ്ഞാട്ടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശ്രദ്ധയില്‍ പെട്ട ബിജെപി നേതാവ് ലക്ഷ്മികാന്ത് ബാജ്‌പെയ് വിവരം ആരോഗ്യ മന്ത്രിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാരും കോളജ് അധികൃതരും അന്വേഷണത്തിനുത്തരവിട്ടു.


റഷ്യയില്‍ നിന്നും പ്രത്യേകം വരുത്തിച്ച ബെല്ലി ഡാന്‍സ് നര്‍ത്തകര്‍ക്കൊപ്പം ഡോക്ടര്‍മാര്‍ ചുവടുവയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിനൊപ്പം ആംബുലന്‍സില്‍ അടുക്കിവച്ചിരിക്കുന്ന മദ്യക്കുപ്പികളുടെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.


1992ലെ ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമമാണ് നടന്നത്. തിങ്കളാഴ്ച ഉച്ചമുതലാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. പരിപാടിയുടെ സംഘാടകര്‍ വാടകയ്‌ക്കെടുത്ത വാഹനങ്ങളാണോ അതോ മെഡിക്കല്‍ കോളജിന്റെ വാഹനമാണോ ഉപയോഗിച്ചിരിക്കുന്നതെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് താത്കാലിക പ്രിന്‍സിപ്പാളിന്റെ താത്കാലിക ചുമതലയുള്ള വിനയ്കുമാര്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 307