26 December, 2017 03:04:07 PM


വാനാക്രൈ മാതൃകയില്‍ കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം



തിരുവനന്തപുരം: വാനാക്രൈ മാതൃകയില്‍ കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം. തിരുവനന്തപുരം മെര്‍ക്കന്‍റൈന്റൈല്‍ സഹകരണ ബാങ്കിന്‍റെ കംപ്യൂട്ടര്‍ ശൃംഖലയിലാണ് സൈബര്‍ ആക്രമണമുണ്ടായത്. ഫയലുകള്‍ തിരികെക്കിട്ടണമെങ്കില്‍ ബിറ്റ്കോയിന്‍ രൂപത്തില്‍ പണം നല്‍കണമെന്ന സന്ദേശവും ഇതിനൊപ്പം ലഭിച്ചു.


ബാങ്കിന്‍റെ സെര്‍വറുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതോടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാവുകയും തുടര്‍ന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം മാത്രം സ്ക്രീനില്‍ തെളിയുകയുമായിരുന്നു. വിദേശത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്ന് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.


നേരത്തെ ലോകത്തിന്‍റെ പലഭാഗങ്ങളിലുമുണ്ടായ വാനാക്രൈ ആക്രമണത്തിന്‍റെ ഭാഗമായി കേരളത്തിലും നിരവധി സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ ആക്രമണം നടന്നിരുന്നു. പത്തനംതിട്ട, വയനാട്, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലെ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകള്‍ അടക്കം അന്ന് ആക്രമണത്തിന് ഇരയായിരുന്നു.



Share this News Now:
  • Google+
Like(s): 186