25 December, 2017 12:43:50 PM


ബീഫിന് വില കിലോ 320, ആട്ടിറച്ചി ക്ക് 600, പച്ചക്കറിക്കും മീനിനും പൊള്ളുന്ന വിലകോട്ടയം: മണ്ഡലകാലമായതോടെ പച്ചക്കറിക്കും ക്രിസ്മസ് എത്തിയതോടെ  മാംസത്തിനും തീപിടിച്ച വില.  ഇതിന് പുറമേ ഓഖി ദുരന്തം കൂടി വന്നതോടെ മത്സ്യത്തിനും വന്‍വില. പലവ്യഞ്ജനങ്ങള്‍ക്കും വില വര്‍ദ്ധിച്ചതോടെ എന്തു ചെയ്യുമെന്നറിയാതെ നട്ടം തിരിയുകയാണ് സാധാരണക്കാര്‍.

 ക്രിസ്മസ് ആഘോഷത്തിന്‍റെ  പ്രധാന വിഭവമായ ബീഫിന്‍റെ വില കിലോയ്ക്ക് 280 രൂപയില്‍ നിന്നും 320 രൂപയായി. ആട്ടിറച്ചി കിലോയ്ക്ക് 600 രൂപയുമായി കൂടി. കോഴിയിറച്ചിക്കും വന്‍ വര്‍ദ്ധനവാണ് ഇത്തവണ. കിലോയ്ക്ക് 120ല്‍ നിന്ന് 180ല്‍ വരെ എത്തി. ചിലയിടങ്ങളില്‍ 200 രൂപയ്ക്കാണ് വില്പന. വിലയെത്ര കൂട്ടിയാലും ഇറച്ചി വിറ്റുപോകുമെന്നതിനാലാണ് ക്രിസ്മസ് സീസണില്‍ ഇറച്ചിവില ക്രമാതീതമായി ഉയര്‍ത്തുന്നത്. പരമാവധി വില്‍പ്പന നടത്തി കച്ചവടം പൊടിപൊടിക്കുകയാണ് ഇറച്ചിവില്‍പ്പനക്കാരുടെ ലക്ഷ്യം. താറാവിന്‍റെയും കാര്യം മറിച്ചല്ല. ക്രിസ്മസിന് താറാവിറച്ചി കൂട്ടണമെങ്കില്‍ നല്ല തുക കൊടുക്കേണ്ടി വരും. വിപണിയില്‍ താറാവ് മുട്ടയ്ക്കും വില കൂടിയിട്ടുണ്ട്. മൂന്നു രൂപയാണ് ഒറ്റയടിക്ക് കൂടിയത്. 

ഓഖി ദുരന്തത്തെ തുടര്‍ന്ന് മത്സ്യമേഖല ഇനിയും കരകയറിയിട്ടില്ല. മത്തിയുടെയും അയലയുടെയും കൂടിയ വില ഇപ്പോഴും കുറഞ്ഞിട്ടില്ല. വരവ് മീനുകളാണ് ഏറെയും മാര്‍ക്കറ്റിലുള്ളത്. കൂടാതെ വരാല്‍, ചേറുമീന്‍, കാരി, കട്ടള, പള്ളത്തി, പരല്‍ മീനുകള്‍ക്കും മാര്‍ക്കറ്റില്‍ സുലഭം. പക്ഷേ വാങ്ങണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടതായി വരും. മണ്ഡലകാലമായതിനാല്‍ പച്ചക്കറി വില റോക്കറ്റ് പോലെ കുതിക്കുകയാണ്. മുരിങ്ങയ്ക്ക കിലോയ്ക്ക് 180, 200 രൂപയാണ് വില. ചെറിയ ഉള്ളിക്ക് വില 160 രൂപ. സവാളയുടെ വിലയാവട്ടെ 50 രൂപ. ബീറ്റ് റൂട്ട്, കാരറ്റ്, നാടന്‍കായ, പാവയ്ക്കായ, കൂര്‍ക്ക, തക്കാളി, പച്ചമുളക് എന്നിവയുടെ വില 5 മുതല്‍ 12 രൂപവരെ വര്‍ദ്ധിച്ചു. മുട്ടയുടെ വില ആറ് രൂപയില്‍ നിന്ന് 8 രൂപയായി. ചില സ്ഥലങ്ങളില്‍ 9 രൂപയ്ക്കാണ് വില്പന. താറാവ് മുട്ട ഒന്നിന് 10 രൂപയായിരുന്നത് 12ലെത്തി. താറാവിറച്ചിയുടെ വിലയില്‍ 50 രൂപയോളം വര്‍ദ്ധനവുണ്ട്.

സബ്സിഡി സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്കാണ് സപ്ളൈകോ ക്രിസ്മസ് ഫെയറില്‍. എന്നാല്‍ സബ്സിഡി വെളിച്ചെണ്ണ അരകിലോയായി വെട്ടിക്കുറച്ചതും സബ്സിഡി അരി ചിലയിനം ലഭിക്കാത്തതും മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരെ നിരാശരാക്കി. പല സാധനങ്ങളും കിട്ടാനില്ല. എന്നാല്‍ വമ്പിച്ച വില്‍പ്പനയാണ് നടക്കുന്നതെന്ന് അധികൃതര്‍ അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇരട്ടിയാണ് വിറ്റുവരവെന്നാണ് വാദം. പലചരക്ക് സാധനങ്ങള്‍ക്ക് പുറമെ കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുന്ന ഹോര്‍ട്ടികോര്‍പ്പ്, കയര്‍ കോര്‍പ്പറേഷന്‍, മില്‍മ എന്നിവയുടെ സ്റ്റാളുകളുകളും ഫെയറിലുണ്ട്. ജയ അരി (25), മട്ട അരി (24), പഞ്ചസാര (22) എന്നിവയ്ക്കാണ് ഡിമാന്‍റേറെയും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ചില്ലറ വില്‍പ്പന വിലകള്‍ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് (നാണയപ്പെരുപ്പം) 4.88 ശതമാനമാണ്. പച്ചക്കറി വില, മുട്ടവില, ഇന്ധനവില എന്നിവയിലുണ്ടായ വര്‍ദ്ധനവാണ് മൊത്തം വിലക്കയറ്റ സൂചിക ഉയര്‍ത്തിയത്. 15 മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.Share this News Now:
  • Google+
Like(s): 212