23 December, 2017 10:31:35 PM


പെന്‍ഷന് പണമില്ല; ഏറ്റുമാനൂര്‍, കായംകുളം കെഎസ്ആര്‍ടിസി സ്റ്റേഷനുകള്‍ പണയം വെച്ചു




കോട്ടയം : കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ബസ് സ്റ്റാന്‍റുകള്‍ പണയം വെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.  ഏറ്റുമാനൂര്‍, കായംകുളം ഡിപ്പോകളാണ് കൊല്ലം സഹകരണ ബാങ്കില്‍ 50 കോടി രൂപയ്ക്ക് പണയം വച്ചത്. നാലു മാസത്തെ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഡിപ്പോ പണയം വച്ച് പണം കണ്ടെത്തിയത്.


സര്‍ക്കാര്‍ ഗ്യാരന്‍റിയുടെ അടിസ്ഥാനത്തില്‍ 12 ശതമാനം പലിശനിരക്കിലാണത്രേ വായ്പയെടുത്തത്. ഏതാനും വര്‍ഷങ്ങളായി ഡിപ്പോകളും മറ്റു വസ്തുക്കളും പണയം വെച്ചാണ് ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കുന്നു. എകദേശം 1300 കോടി രൂപയാണ് ഈയിനത്തില്‍ ബാങ്കില്‍ നിന്ന വായ്പയായി എടുത്തിട്ടുള്ളത്.

ഉയര്‍ന്ന പലിശനിരക്കായതിനാല്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. ബാങ്കുകള്‍ കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാല വായ്പ അനുവദിക്കുകയാണെങ്കില്‍ തിരിച്ചടവ് തുകയില്‍ നിന്ന് ഒരുമാസം എകദേശം 60 കോടിയോളം രൂപ ലാഭിക്കാന്‍ കഴിയുമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.



Share this News Now:
  • Google+
Like(s): 266