22 December, 2017 11:46:18 AM
ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കിരീടം ഉറപ്പിച്ച് കേരളം
റോത്തക്: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കേരളം കിരീടം ഉറപ്പിച്ചു. അവസാനദിനമായ ഇന്ന് രാവിലെ രണ്ടുസ്വര്‍ണവും ഒരു വെള്ളിയും നേടിയാണ് നിലവിലെ ചാംപ്യന്മാര് കിരീടം ഉറപ്പിച്ചത്. കേരളത്തിന് ഇപ്പോള്‍ 80 പോയന്റുണ്ട്. പോയിന്റ് നിലയിൽ ഹരിയാനയ്ക്കു മറികടക്കാൻ കഴിയാത്ത ഉയരത്തിലാണു കേരളം. തുടർച്ചയായ 20–ാം തവണയാണു സംസ്ഥാനം കിരീടം നേടുന്നത്.
1,500 മീറ്ററില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കേരളം സ്വര്‍ണമണിഞ്ഞു. പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പിയും ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപിയുമാണ് ഒന്നാമതെത്തിയത്. പെണ്‍കുട്ടികളില്‍ കേരളത്തിന്റെ കെ.ആര്. ആതിര വെള്ളി നേടി. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ അശ്വിന് ബി. ശങ്കറും രണ്ടാമതെത്തി. 4x400 റിലെയിൽ കേരളത്തിൽ ആൺകുട്ടികൾ വെള്ളി നേടി.