Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

21 December, 2017 09:25:15 PM


റവന്യൂ ഭൂമി കയ്യേറിയ പോലീസ്കാരന് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസിന്‍റെ ക്ലീന്‍ ചിറ്റ്




കോട്ടയം: ഭൂമികയ്യേറ്റ വിഷയത്തില്‍ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗം കുറ്റക്കാരനെന്ന് കണ്ടെത്തിയ പോലീസ്കാരന്  ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ ക്ലീന്‍ ചിറ്റ്. കോട്ടയം ജില്ലയിലെ പേരൂരില്‍ മീനച്ചിലാര്‍ തീരം കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന പോലീസ് വകുപ്പില്‍ നിന്നും വിചിത്രമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

ഏറ്റുമാനൂര്‍ സ്റ്റേഷനിലെ പോലീസ്കാരനായിരുന്ന ബിജുമോന്‍ വര്‍ഗീസ് ഉള്‍പ്പെടെ ആറ് പേര് മീനച്ചിലാര്‍ തീരം കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി 2016 മെയ് മാസത്തില്‍ റവന്യു വകുപ്പ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.  പിന്നീട് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഇത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. കോട്ടയം ജില്ലാ കളക്ടര്‍, സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഐജി (ഇന്‍റലിജന്‍സ്), എസ് പി (ഇന്‍റലിജന്‍സ്), എസ് ബി സിഐ ഡി എറണാകുളം റേഞ്ച് എസ് പി എന്നിവര്‍ക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ്കാരന് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ട് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ മീനച്ചിലാര്‍ തീരത്ത്  റവന്യൂ വകുപ്പ് ഏറ്റെടുത്ത പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ അഡീഷണല്‍ തഹസില്‍ദാര്‍ വീഴ്ച വരുത്തിയതായി കാട്ടി 2017 ഒക്ടോബര്‍ 20നാണ് സ്പെഷ്യല്‍ ബ്രാഞ്ച്  സിഐഡി ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ നടപടികള്‍ എടുക്കാന്‍ വിസമ്മതിച്ച ഏറ്റുമാനൂര്‍ പോലീസിനെയും വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ഈ റിപ്പോര്‍ട്ട്. 

കയ്യേറ്റ ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയവരോട് അവ പൊളിച്ചുമാറ്റുവാന്‍ ആവശ്യപ്പെട്ട് പേരൂര്‍ വില്ലേജ് ഓഫീസര്‍ 2017 മെയ് മൂന്നിന് കത്ത് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. കയ്യേറ്റഭൂമിയിലെ വീടുകളിലൊന്ന് സിപിഓ ബിജുവിന്‍റേതാണ്. ഇയാളുടെ കൈവശമുള്ള എഴുപത് സെന്‍റ് ഭൂമിയില്‍ ഒമ്പത് സെന്‍റ് ഒഴികെ ബാക്കിയുള്ളത് ആറ്റുപുറമ്പോക്ക് എന്ന നിലയില്‍ ഒഴിപ്പിച്ച് എടുക്കുന്നതിന് മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇയാളുടെ ഇരുനില വീട് സ്ഥിതിചെയ്യുന്ന ഭൂമിയില്‍ നാല് സെന്‍റ് ഈ കയ്യേറ്റഭൂമിയിലാണെന്നും സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് (സിഐഡി) റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.

കയ്യേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം തഹസില്‍ദാരുടെ (എല്‍ആര്‍) നിര്‍ദ്ദേശ പ്രകാരം 2017 സെപ്തംബര്‍ ഏഴിന് പേരൂര്‍ വില്ലേജ് ഓഫീസര്‍ ഏറ്റുമാനൂര്‍ പോലീസിന് കത്ത് നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്ട്  പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ സാധിക്കില്ലാ എന്നായിരുന്നു പോലീസിന്‍റെ മറുപടി. കയ്യേറ്റക്കാരില്‍ ഒരാളായ ബിജു ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ആയതിനാലാണ് ഇങ്ങനെയൊരു മറുപടി പോലീസ് നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് ഏറെ കുറെ ശരി വയ്ക്കുന്ന രീതിയിലാണ് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടും.

ഇതിനു പിന്നാലെയാണ് പോലീസുകാരനെതിരെ കേസെടുക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് കാട്ടിയും റവന്യു വകുപ്പിന് മേല്‍ കുറ്റം ചാര്‍ത്തിയുമുള്ള റിപ്പോര്‍ട്ട് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈസ്പി ജില്ലാ പോലീസ് മേധാവിയ്ക്ക് നല്‍കിയത്. ബിജുമോന്‍ ഈ വസ്തു മറ്റൊരാളില്‍ നിന്ന് മേടിച്ചതാണെന്നും ഇദ്ദേഹം കയ്യേറ്റം നടത്തിയിട്ടില്ലെന്നുമാണ് ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഏറ്റുമാനൂര്‍ പഞ്ചായത്തില്‍ നിന്നും 2008ല്‍ അനുമതി ലഭിച്ച പ്രകാരം പണിത വീടിന്‍റെ കരം താലൂക്ക് ഓഫീസിലും മുനിസിപ്പാലിറ്റിയിലും അടച്ച സമയത്തൊന്നും ഇത് കയ്യേറ്റഭൂമിയായി കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ റിപ്പോര്‍ട്ട് പോലീസ്കാരന്‍റെ സ്വാധീനത്തിന്‍റെ ഫലമായിരിക്കാമെന്ന് സംശയിക്കുന്നതായി മീനച്ചിലാര്‍ സംരക്ഷണസമിതി പ്രസിഡന്‍റ് മോന്‍സി പെരുമാലില്‍ ആരോപിച്ചു.



Share this News Now:
  • Google+
Like(s): 221