21 December, 2017 02:14:47 PM
ഷാര്‍ജ കഫ്തീരിയകളില് ജൂസുകളില്‍ എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ക്കുന്നത് വ്യാപകമെന്ന് പരാതി

ഷാര്‍ജ: ഷാര്‍ജയിലെ കഫ്തീരിയകളും റെസ്റ്റോറന്റുകളും ഫ്രഷ് ജൂസുകളില്‍ എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ക്കുന്നുവെന്ന് റിപോര്‍ട്ട്. പ്രായപൂര്ത്തികാത്തവര്ക്ക് നല്കുന്ന ജൂസുകളിലാണ് പ്രധാനമായും എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ക്കുന്നത്. ആരോപണങ്ങള്‍ വ്യാപകമായതോടെ ഇത്തരം കഫ്തീരിയകള്‍ക്കും ഔട്ട് ലെറ്റുകള്‍ക്കും എതിരെ ഷാര്‍ജ മുനിസിപ്പാലിറ്റി നടപടികള്‍ കൈകൊണ്ടു. റെസിഡന്‍ഷ്യല്‍ ഏരിയകളിലാണ് ഈ ഔട്ട് ലെറ്റുകളില്‍ ഭൂരിഭാഗവും.
16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ത്ത് പാനീയങ്ങള്‍ നല്‍കുന്നതിന് വിലക്കുണ്ട്. ഈ നിരോധനത്തെ കുറിച്ച് എമിറേറ്റിലെ എല്ലാ ഔട്ട് ലെറ്റുകള്‍ക്കും കഫ്തീരിയകള്‍ക്കും അറിയാവുന്നതാണ്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഈ നിരോധനം ഏര്‍പ്പെടുത്തിയത്. ഹൃദ്രോഗികളിലും പ്രായപൂര്‍ത്തിയാകാത്തവരിലും എനര്‍ജി ഡ്രിങ്കുകള്‍ അനാരോഗ്യകരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിതമായ തോതില്‍ കഫീന്‍, ഷുഗര്‍, കൃത്രിമ നിറങ്ങള്‍ എന്നിവ ചേര്‍ത്താണ് എനര്‍ജി ഡ്രിങ്കുകള്‍ ഉണ്ടാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നതും കുറ്റകരമാണ്.