13 December, 2017 03:01:11 PM


സൈനികര്‍ക്ക് ടോള്‍ ബൂത്തുകളില്‍ സല്യൂട്ട് നല്‍കണമെന്ന് ദേശീയപാത അതോറിറ്റി



ദില്ലി : സൈനികര്‍ ടോള്‍ ബൂത്തുകളിലൂടെ കടന്നു പോകുമ്പോള്‍ ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ സല്യൂട്ട് നല്‍കുകയോ ബഹുമാന സൂചനമായി എഴുന്നേറ്റു നില്‍ക്കുകയോ ചെയ്യണമെന്ന് ദേശീയപാത അതോറിറ്റി. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ദേശീയപാത അതോറിറ്റി രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലേയ്ക്കും അയച്ചു.


രാജ്യത്തെ ഏത് ടോള്‍ പ്ലാസകളിലും കര, നാവിക, വ്യോമ സേനാംഗങ്ങള്‍ക്ക് ടോള്‍ അടയ്‌ക്കേണ്ടതില്ല. എന്നാല്‍, തങ്ങളോട് ടോള്‍ പ്ലാസകളിലെ ജീവനക്കാര്‍ പരുഷമായാണ് പെരുമാറുന്നതെന്ന് സൈനീകര്‍ ദേശീയപാത അതോറിറ്റിയോട് പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. സൈനികര്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച് സേവനം നടത്തുന്നവരാണ്. അതിനാല്‍ അവര്‍ക്ക് ഉയര്‍ന്ന ബഹുമാനം നല്‍കേണ്ടതുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നു.


എന്നാല്‍, ഔദ്യോഗിക ജോലികള്‍ക്കായി പോകുമ്പോള്‍ പോലും ജീവനക്കാരില്‍ നിന്നും മോശം പെരുമാറ്റവും മോശം പദപ്രയോഗങ്ങളുമാണ് സൈനീകര്‍ക്ക് നേരിടേണ്ടി വരുന്നത്. തിരിച്ചറിയല്‍ കാര്‍ഡുകളുടെ നിര്‍ബന്ധപൂര്‍വമായ പരിശോധനയും ടോള്‍ പ്ലാസകളില്‍ നടക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.


അതേസമയം, സൈനീകരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കേണ്ടത് ദേശീയപാത അതോറിറ്റിയിലെ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ ടോള്‍ പിരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനോ മാത്രമായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ടോള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ അനുവാദമില്ലെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നുണ്ട്.



Share this News Now:
  • Google+
Like(s): 206