13 December, 2017 02:20:16 PM


ജിഷ വധക്കേസിലെ വാദം പൂര്‍ത്തിയായി; ശിക്ഷ നാളെ



കൊച്ചി:  പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ വാദം പൂര്‍ത്തിയായി. ശിക്ഷ നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിമുതല്‍ തന്നെ കേസിലെ തുടര്‍നടപടികള്‍ കോടതി ആരംഭിച്ചിരുന്നു. ആദ്യംപ്രതിഭാഗത്തിന്‍റെ വാദം കേട്ട കോടതി കേസിലെ തുടരന്വേഷണത്തിനുള്ള അപേക്ഷ നിരസിക്കുകയായിരുന്നു. എന്നാല്‍ ജിഷ വധക്കേസ് നിര്‍ഭയ കേസിന് സമാനമായി പരിഗണിക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇരു ഭാഗത്തിന്‍റെയും വാദം കേട്ടശേഷം ശിക്ഷ പ്രഖ്യാപിക്കുന്നത് കോടതി നാളത്തേക്ക് മാറ്റുകയായിരുന്നു. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്നലെ അമിറുള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.


താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും ശിക്ഷാവിധി കേള്‍ക്കാനായി കോടതിയില്‍ എത്തിക്കുമ്പോള്‍ പ്രതി അമിറുള്‍ പറഞ്ഞു. ജിഷയെ കൊലപ്പെടുത്തിയത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും കോടതിക്ക് പുറത്തുവച്ച്‌ അമിറുള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.അതേസമയം, മാധ്യമവിചാരണയുടെയും പൊതുസമൂഹത്തെയും തൃപ്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് കോടതി അമിറുളിനെ കുറ്റക്കാരനെന്ന് വിധിച്ചതെന്ന് പ്രതി അമിറുളിന്‍റെ അഭിഭാഷകന്‍ ബിഎ ആളൂര്‍ വ്യക്തമാക്കിയിരുന്നു. നിരപരാധിയെ കുറ്റക്കാരനെന്ന് വിധിച്ചെന്നായിരുന്നു ആളൂര്‍ പ്രതികരിച്ചത്. ഇന്ന് പ്രതിയ്ക്ക് പറയാനുള്ളത് കോടതി ആരായുമ്പോള്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് ആളൂര്‍ വ്യക്തമാക്കി.


ബലാത്സംഗം, കൊലപാതകം, വീട്ടില്‍ അതിക്രമിച്ച്‌ കയറല്‍ അടക്കമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായി ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. അതേസമയം പട്ടിക വര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചു.ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയിരുന്നത്. ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച അമിറുള്‍ ഇസ്ലാമിന്‍റെ ഉമിനീര്‍, കത്തിയില്‍നിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്‍റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.


ഇത്തരത്തില്‍ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് ശേഖരിച്ചിരുന്നത്. കേരളത്തില്‍ ആദ്യമായി ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ തെളിയിച്ച കേസ് കൂടിയായാണ് ജിഷ വധക്കേസ്.ആറ് മാസത്തോളം കേസില്‍ രഹസ്യവിചാരണ നടന്നു. കേസില്‍ അന്തിമ വാദം നവംബര്‍ 21ന് ആരംഭിച്ചിരുന്നു. എട്ട് ദിവസമായിരുന്നു അന്തിമ വാദം നീണ്ടുനിന്നത്. കേസുമായി ബന്ധപ്പെട്ട് 36 രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും പൊലീസ് വിസ്തരിച്ചിരുന്നു. 2016 സെപ്റ്റംബര്‍ 17നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.


2016 ഏപ്രില്‍ 28നാണ് പെരുമ്ബാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെടുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 10നാണ് പ്രതി അമിറുള്‍ ഇസ്ലാം പൊലീസിന്റെ പിടിയിലാകുന്നത്. പെരുമ്ബാവൂരിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അമിറുള്‍ ഇസ്ലാം ജിഷയെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കേരളത്തിന്റെ മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു പെരുമ്ബാവൂരിലെ ജിഷ കൊലപാതകം.



Share this News Now:
  • Google+
Like(s): 205