12 December, 2017 12:27:34 PM


വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ജയം കണ്ട് കിവീസ്




ഹാമിൽട്ടണ്‍: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലൻഡ് 2-0ന് നേടി. പരന്പരയിലെ രണ്ടാം മത്സരത്തിൽ കിവീസ് 240 റണ്‍സിന് സന്ദർശകരെ തോൽപ്പിച്ചു. 444 റണ്‍സ് എന്ന റണ്‍മല പിന്തുടർന്ന വിൻഡീസ് രണ്ടാം ഇന്നിംഗ്സിൽ 203 റണ്‍സിന് പുറത്തായി. 64 റണ്‍സ് നേടിയ റോസ്ടണ്‍ ചേസാണ് വിൻഡീസ് നിരയിലെ ടോപ്പ് സ്കോറർ. മറ്റാർക്കും പൊരുതാൻ കഴിഞ്ഞില്ല. കിവീസിന് വേണ്ടി നീൽ വാഗ്നർ മൂന്നും ടിം സൗത്തി, ട്രെന്‍റ് ബോൾട്ട്, മിച്ചൽ സാറ്റ്നർ എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.

പരാജയം മുന്നിൽ കണ്ടു തന്നെയാണ് നാലാം ദിനം വിൻഡീസ് തുടങ്ങിയത്. 30/2 എന്ന നിലയിൽ തുടങ്ങിയ അവർ ഒരുഘട്ടത്തിലും പൊരുതാനുള്ള ശ്രമം കാണിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ കൂറ്റൻ വിജയലക്ഷ്യത്തിന്‍റെ അടുത്തുപോലും എത്താതെ വിൻഡീസ് വീഴുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിലെ സെഞ്ചുറിയിലൂടെ കിവീസിന് നിർണായക ലീഡ് സമ്മാനിച്ച റോസ് ടെയ്‌ലറാണ് (പുറത്താകാതെ 107) മാൻ ഓഫ് ദ മാച്ച്. സ്കോർ: ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് 373, രണ്ടാം ഇന്നിംഗ്സ് 291/8 ഡിക്ലയേർഡ്. വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിംഗ്സ് 221, രണ്ടാം ഇന്നിംഗ്സ് 203.



Share this News Now:
  • Google+
Like(s): 123