12 December, 2017 11:36:11 AM


ജിഷാവധം: അമിറൂള്‍ കുറ്റക്കാരന്‍ ; ​പോലീസിന്‍റെ നിഗമനങ്ങള്‍ ​കോടതി ശരിവെച്ചുകൊച്ചി: കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജിഷാവധക്കേസില്‍ പ്രതി അമിര്‍ ഉള്‍ ഇസ്‌ളാം കുറ്റക്കാരന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാണ് വിധിപ്രസ്താവിച്ചത്. പോലീസ് മുന്നോട്ടു വെച്ചിട്ടുള്ള നിഗമനങ്ങള്‍ ​കോടതി ശരിവെച്ചു. ബലാത്സംഗവും കൊലപാതകവും ദളിത് പീഡനവും ഭവനഭേദനം അടക്കം ആറു കുറ്റങ്ങളാണ് അമീര്‍ ഉള്‍ ഇസ്ലാമിനെതിരേ ചുമത്തിയിരുന്നത്.


പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കനാല്‍പ്പുറമ്പോക്കിലെ വീട്ടില്‍ ജിഷയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ഏപ്രില്‍ 28 ന് വൈകിട്ട് 5.45 നും 6.15 നും മധ്യേയാണ് സ്വന്തം വീട്ടില്‍വെച്ച് ജിഷ കൊല്ലപ്പെട്ടത്. ഒന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയായ അന്യസംസ്ഥാനക്കാരന്‍ അമിറുള്‍ ഇസ്‌ളാമിനെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് പോയ അമീറുള്‍ അവിടെ നിന്നും തഞ്ചാവൂരിലേക്ക് പോകുകയും അവിടെവെച്ച് അറസ്റ്റിലാകുകയുമായിരുന്നു.


രാവിലെ പത്തേമുക്കാലോടെയാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. അടച്ചിട്ട കോടതിമുറിയില്‍ 74 ദിവസം പ്രോസിക്യൂഷന്‍ വാദം നടത്തി. അയല്‍ക്കാരിയടക്കം അനേകം പേരെ സാക്ഷി വിസ്താരം നടത്തിയ കേസില്‍ ഒരാള്‍ മാത്രമാണ് കൂറുമാറിയത്. തുടര്‍ന്ന് തുറന്നകോടതിയിലും വിചാരണ നടന്നു. പ്രതിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി.എ. ആളൂരും പ്രോസിക്യൂഷനുവേണ്ടി എന്‍.കെ. ഉണിക്കൃഷ്ണനുമാണ് ഹാജരായത്.


സാക്ഷികളില്ലാത്ത കേസില്‍ പരിശോധനാഫലങ്ങളെയാണ് പ്രധാനമായും അന്വേഷണസംഘം ആശ്രയിച്ചത്. ജിഷയുടെ വസ്ത്രങ്ങളില്‍ നിന്നു കിട്ടിയ ഉമിനീര്‍, നഖങ്ങള്‍ക്കിടയില്‍ നിന്നും കിട്ടിയ പ്രതിയുടെ തൊലിയുടെ അംശം. വാതിലിലൈയും ചെരുപ്പിലെയും രക്തക്കറകള്‍, ജിഷയുടെ ശരീരത്തിലെ കടിയുടെ പാട്, മൃതദേഹത്തില്‍ നിന്നും കിട്ടിയ മുടി, പ്രതിയുടെ കൈവിരലിലെ മുറിവ് എന്നിവയെല്ലാം തെളിവായി സമര്‍പ്പിച്ചിരുന്നു. ഇതിനൊപ്പം നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ അനേകം സാക്ഷികളെയും വിസ്തരിക്കുകയുണ്ടായി.


1,500 ​പേജുകള്‍ വരുന്ന കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടത്. അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡി.എന്‍.എ. വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 104 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 15 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു. പത്തിലധികം ഡിഎന്‍എ സാമ്പികളുടെ പരിശോധനാ ഫലങ്ങളാണ് അന്വേഷണസംഘം കുറ്റപത്രത്തിനൊപ്പം വെച്ചിരുന്നത്. മകളെ കൊന്നയാള്‍ക്ക വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷനും ജിഷയുടെ മാതാവ് രാജേശ്വരിയും പ്രതികരിച്ചത്. വധശിക്ഷയില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും രാജേശ്വരി വ്യക്തമാക്കിയിരുന്നു.


സംശയത്തിന്റെ ആനുകൂല്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞത്. 34 ലധികം മുറിവുകളാണ് ജിഷയുടെ ശരീരത്ത് ഉണ്ടായിരുന്നത്. പ്രതിയുടെ ലൈംഗിക വൈകൃതം അടക്കമുള്ള കാര്യങ്ങള്‍ കേസില്‍ ചര്‍ച്ചാവിഷയമായിരുന്നു. ജിഷയോടുള്ള പ്രതിയുടെ അടങ്ങാത്ത തൃഷ്ണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവദിവസം വൈകിട്ട് ആരുമില്ലാത്ത സമയത്ത് ഇരയുടെ വീട്ടിലെത്തിയ പ്രതിയെ ജിഷ ചെരുപ്പ് കൊണ്ട് അടിച്ചു. ഇതോടെ ആദ്യം പിന്തിരിഞ്ഞ പ്രതി അപമാനം തോന്നി കൂടുതല്‍ വാശിയോടെ വീട്ടിലേക്ക തള്ളിക്കയറുകയായിരുന്നു.


അകത്തേക്ക് കയറിയ പ്രതി ജിഷയെ ആദ്യം പിന്നില്‍ നിന്നും കടന്നുപിടിച്ചു. വായമൂടാനുള്ള ശ്രമത്തിനിടയില്‍ ജിഷ പ്രതിയുടെ കൈവിരല്‍ കടിച്ചുമുറിച്ചു. ഇര തന്റെ ഇംഗിതത്തിന് വഴങ്ങില്ല എന്ന് വ്യക്തമായതോടെ അമീര്‍ കയ്യിലിരുന്ന കത്തികൊണ്ട് പല തവണ കുത്തി. താഴേയ്ക്ക് വീണ ജിഷ അവശതയോടെ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അമീര്‍ കയ്യിലിരുന്ന മദ്യം ജിഷയുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു. അതിന് ശേഷം ആരും കാണാതെ വീടിന്റെ പിന്‍ഭാഗത്തൂടെ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.Share this News Now:
  • Google+
Like(s): 359