11 December, 2017 03:15:47 PM


ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി.മൈക്കിള്‍ രാജിവെച്ചു




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി.മൈക്കിള്‍ തത്സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിയോടെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പക്കലാണ് രാജികത്ത് സമര്‍പ്പിച്ചത്. പുതിയ പ്രസിഡന്‍റ് സ്ഥാനമേല്‍ക്കുംവരെ വൈസ് പ്രസിഡന്‍റ് ലളിതാ സുജാതനാണ് ചാര്‍ജ്. 

കോണ്‍ഗ്രസ് നേതാവായ മൈക്കിള്‍ യുഡിഎഫിലെ ‍മുന്‍ധാരണയനുസരിച്ച് കഴിഞ്ഞ 20ന് തത്സ്ഥാനം ഒഴിയണമായിരുന്നു. എന്നാല്‍ ഇദ്ദേഹം രാജിസന്നദ്ധത പ്രകടിപ്പിക്കാതെ വന്നതോടെ അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധമുയരുകയും തുടര്‍ന്ന് ഡിസിസി പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ആദ്യം മൈക്കിളിനോട് രാജി ആവശ്യപ്പെട്ട പാര്‍ട്ടി നേതൃത്വം, ഇതിനിടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് നിലപാടില്‍ അയവ് വരുത്തിയിരുന്നു.

മുന്‍ ധാരണപ്രകാരം അടുത്ത രണ്ട് വര്‍ഷം കോണ്‍ഗ്രസിലെ തന്നെ ബീനാ ബിനുവിനാണ് പ്രസിഡന്‍റാകാന്‍ അവസരം ലഭിക്കുക. എ ഗ്രൂപ്പ് കാരനായ മൈക്കിള്‍ സ്ഥാനമൊഴിഞ്ഞ് ബീനാ ബിനു ചാര്‍ജെടുത്താല്‍  പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഐ ഗ്രൂപ്പുകാരായി മാറും. അഞ്ച് വര്‍ഷത്തേയ്ക്കാണ് ഐ ഗ്രൂപ്പുകാരിയായ ലളിതാ സുജാതന് വൈസ് പ്രസിഡന്‍റ് പദവി പറഞ്ഞിട്ടുള്ളത്. എന്നാല്‍ എ ഗ്രൂപ്പിലെ മോളി ലൂയിസിന് വൈസ് പ്രസിഡന്‍റ് സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. ഇതോടെയാണ് വൈസ് പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ തീരുമാനമാകുന്നതോടൊപ്പം മൈക്കിള്‍ രാജി വെച്ചാല്‍ മതിയെന്ന നിലപാടിലേയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം അയവു വരുത്തിയത്.

പിന്നീട് നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് വൈസ് പ്രസിഡന്‍റായി ലളിതാ സുജാതന്‍ തന്നെ തുടരാന്‍ തീരുമാനമാകുകയായിരുന്നു. അവസാന ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസിനാണ് പ്രസിഡന്‍റ് പദവി ലഭിക്കുക. സജി തടത്തിലാണ് കേരളാ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി. പതിമൂന്ന് അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ആറും കേരളാ കോണ്‍ഗ്രസിന് ഒന്നും എല്‍ഡിഎഫിന് ആറും അംഗങ്ങളാണുള്ളത്.  


Share this News Now:
  • Google+
Like(s): 640