09 December, 2017 03:10:40 PM


തട്ടുകടകളിലെ ചെറുകടികളില്‍ മായം; ഉപയോഗിക്കുന്നത് നിരോധിത രാസവസ്തു



കോട്ടയം:  കേരളത്തിലെ തട്ടുകടകളില്‍ മായം കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നതായി വ്യാപക പരാതി ഉയരുന്നു.  ചെറുകടികളിലാണ് ഏറ്റവും കൂടുതല്‍ മായം ചേര്‍ക്കുന്നത്. ചെറുകടികള്‍ക്ക് ആകര്‍ഷകമായ കളര്‍ കിട്ടുന്നതിന് വേണ്ടി മറ്റ് രാജ്യങ്ങളില്‍ നിരോധിച്ച രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാരകമായ രാസവസ്തുക്കള്‍ ഭക്ഷണസാധനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുയാണ്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ തട്ടുകടയില്‍ നിന്നും മായം ചേര്‍ത്ത പഴംപൊരി വില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. പാതയോരത്ത് കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന തട്ടുകടകളില്‍ കച്ചവടം പൊടിപൊടിക്കുന്നത് തന്നെ ഇത്തരം രാസ വസ്തുക്കളുടെ ഉപയോഗത്താൽ ഭക്ഷണസാധനങ്ങൾക്ക് ലഭിക്കുന്ന രുചിയുടെ അടിസ്ഥാനത്തിലാണ്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍  പ്രവര്‍ത്തിക്കുന്ന ഈ തട്ടുകടകളെയാണ്  സാധാരണക്കാരില്‍ ഭൂരിപക്ഷവും ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. പഴംപൊരി പോലുള്ള ചെറുകടികൾക്ക് നല്ല കളറും രുചിയും ലഭിക്കുന്നതിന് കടയില്‍ നിന്നും വാങ്ങുന്ന ടാര്‍റ്റാസിന്‍ തുടങ്ങിയ രാസവസ്തുക്കളാണ് ധാരാളമായി ഉപയോഗിക്കുന്നത്. അഞ്ചു രൂപ മുടക്കിയാല്‍ ലെമണ്‍ എല്ലോ എന്ന പേരില്‍ ഈ കളര്‍ ലഭ്യമാണ്. തുണികള്‍ക്കും മറ്റും നിറം കൊടുക്കാന്‍ ഉപയോഗിക്കുന്ന ഡൈ വിഭാഗത്തില്‍പ്പെടുന്ന രാസവസ്തുവാണിത്. മനുഷ്യശരീരത്തിന് ഏറ്റവും ദോഷകരമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ടാര്‍റ്റാസിന്‍ നിരോധിച്ചിരിക്കുകയാണ്. ഇത് ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ പെരുമാറ്റ വൈകല്യം വരെ വരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിക്കുന്ന ഉടനെ ചിലപ്പോള്‍ അസ്വസ്ഥത ഉണ്ടാകും. നിരന്തമുള്ള ഉപയോഗം കിഡ്‌നി, ലിവര്‍ തുടങ്ങിയവയൊക്കെ പ്രവര്‍ത്തന നിരതമാകാന്‍ സാധ്യതയുണ്ട്.

ഹോട്ടലുകളില്‍ പരിശോധന നടത്തുന്ന ഫുഡ് സേഫ്റ്റി  ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും തട്ടുകടകളിലേക്ക് തിരിഞ്ഞു നോക്കാറേയില്ല. ലൈസൻസ് റദ്ദാക്കും തുടങ്ങിയ ഭീഷണികൾ മുഴക്കി ഹോട്ടലുടമകളിൽ നിന്നും 'പിഴിയു'ന്നതു പോലെ തട്ടുകടകളിൽ നിന്നും ലഭിക്കില്ല എന്നതാണ് ഉദ്യോഗസ്ഥരെ ഇങ്ങോട്ട് അടുപ്പിക്കാത്തത്. അധികൃതരുടെ ശ്രദ്ധ ഇങ്ങോട്ട് എത്തില്ലെന്ന ഉറച്ച വിശ്വാസത്തില്‍ മായം കലര്‍ത്തിയുള്ള പലഹാര വില്‍പ്പന തകൃതിയായി നടക്കുകയും ചെയ്യുന്നു.

- സ്മിത സി.ആർ.




Share this News Now:
  • Google+
Like(s): 247