07 December, 2017 09:43:40 PM


ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍റെ രാജി നാളെ; ബ്ലോക്ക് പഞ്ചായത്തിലും നേതൃമാറ്റം




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടില്‍ വെള്ളിയാഴ്ച തത്സ്ഥാനം രാജി വെയ്ക്കും. വ്യാഴാഴ്ച നടന്ന കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുടെയും സ്വതന്ത്രരായ കൗണ്‍സിലര്‍മാരുടെയും  പ്രത്യേക യോഗത്തിലാണ് രാജി തീരുമാനം. ജയിംസ് രാജിവെക്കുന്ന ഒഴിവില്‍ അടുത്ത ഒരു വര്‍ഷം സ്വതന്ത്രനും തൊട്ടടുത്ത ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസിനും ചെയര്‍മാന്‍ പദവി നല്‍കാന്‍ ധാരണയായി. 29-ാം വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി ജയിച്ച ജോയ് മന്നാമലയായിരിക്കും അടുത്ത ചെയര്‍മാന്‍. 24-ാം വാര്‍ഡില്‍ നിന്നും ജയിച്ച കേരളാ കോണ്‍ഗ്രസിന്‍റെ ജോര്‍ജ് പുല്ലാട്ടായിരിക്കും പിന്നീട് ഒരു വര്‍ഷം ചെയര്‍മാനാകുക. അവസാന ഒരു വര്‍ഷം കോണ്‍ഗ്രസിലെ ബിജു കൂമ്പിക്കന്‍ ചെയര്‍മാനാവും.

കോണ്‍ഗ്രസ് പ്രതിനിധിയായ ജയിംസ് തോമസ്  താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന വിവരം നേരത്തെ ഡിസിസിയെ അറിയിച്ചിരുന്നു. കേവലഭൂരിപക്ഷമില്ലാതിരുന്നതിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളുടെയും നാല് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ജയിംസ് നഗരസഭയുടെ ആദ്യ ചെയര്‍മാനായത്. 35 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് 9 അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് 12ഉം ബിജെപിയ്ക്ക് 5ഉം. മുന്‍ധാരണപ്രകാരം രണ്ട് വര്‍ഷത്തെ ഭരണശേഷം ജയിംസ് തോമസ് സ്ഥാനമൊഴിയേണ്ടതായിരുന്നു. എന്നാല്‍ ഇദ്ദേഹം സ്ഥാനമൊഴിയാതെ വന്നതോടെ ബിജു കൂമ്പിക്കന്‍ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജയിംസ് തന്‍റെ രാജി സന്നദ്ധത അറിയിച്ചത്. 

കേരളാ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി തനിക്കൂലമായ തരംഗം സൃഷ്ടിച്ച് ചെയര്‍മാന്‍ പദവിയില്‍ തുടരാനുള്ള നാടകമായിരുന്നു ജയിംസിന്‍റെ രാജി സന്നദ്ധത എന്ന് കോണ്‍ഗ്രസ് അംഗങ്ങളായ കൗണ്‍സിലര്‍മാര്‍ ആരോപിച്ചിരുന്നു. കേരളാ കോണ്‍ഗ്രസിനെ പിണക്കിയാല്‍ അവര്‍ സിപിഎമ്മിനെ കൂട്ടുപിടിച്ച് ജില്ലാപഞ്ചായത്തിലെ പോലെ ഭരണം പിടിച്ചെടുക്കുമെന്നും, മാത്രമല്ല നീണ്ടൂര്‍ ഗ്രാമപഞ്ചായത്തും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തും കൈവിട്ടുപോകുമെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി. ഇതേ തുടര്‍ന്നാണ് ഒരു അനുരഞ്ജന ചര്‍ച്ചയ്ക്ക് തയ്യാറായി ചെയര്‍മാനോട് രാജി വെയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. 

ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ നിലനിന്ന പോരിനും വിരാമമായി. കോണ്‍ഗ്രസിലെ സി.എസ്. ജോസഫിനുശേഷം കേരളാ കോണ്‍ഗ്രസിന് പ്രസിഡന്‍റ് പദവി നല്‍കാമെന്ന ധാരണ തെറ്റിച്ച് ആറ് മാസം മുമ്പ് കോണ്‍ഗ്രസിലെ വെട്ടിക്കല്‍ ഉണ്ണികൃഷ്ണന്‍ പ്രസിഡന്‍റ് പദവിയില്‍ എത്തിയിരുന്നു. കേരളാ കോണ്‍ഗ്രസിലെ സിബി ചിറയിലിനു വേണ്ടി  അടുത്ത ഏതാനും ദിവസത്തിനകം വെട്ടിക്കല്‍ ഉണ്ണികൃഷ്ണന്‍ രാജിവെക്കുമെന്നാണ് സൂചന.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോണ്‍ഗ്രസിലെ പി.വി.മൈക്കിളും അടുത്ത ദിവസം രാജി സമര്‍പ്പിക്കും. മുന്‍ധാരണയനുസരിച്ച് കോണ്‍ഗ്രസിലെ ബീനാ ബിനു ആയിരിക്കും അടുത്ത പ്രസിഡന്‍റ്. അവസാനവര്‍ഷം കേരളാ കോണ്‍ഗ്രസിലെ സജി തടത്തിലായിരിക്കും പ്രസിഡന്‍റ്. 



Share this News Now:
  • Google+
Like(s): 347