06 December, 2017 11:53:53 PM


മീനച്ചിലാര്‍ തീരം കയ്യേറ്റം: റവന്യു വകുപ്പിനും പോലീസിനുമെതിരെ സിഐഡി റിപ്പോര്‍ട്ട്



കോട്ടയം: ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ മീനച്ചിലാര്‍ തീരത്തെ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ റവന്യൂ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഏറ്റുമാനൂര്‍ പോലീസും വീഴ്ച വരുത്തിയതായി സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. 2016 മെയ് മാസത്തില്‍ താലൂക്ക് സര്‍വ്വേയറുടെ നേതൃത്വത്തില്‍ അളന്നുതിരിച്ച ഭൂമി റവന്യൂ അധികൃതര്‍ ഏറ്റെടുത്തിട്ടും കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ അഡീഷണല്‍ തഹസില്‍ദാര്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് 2017 ഒക്ടോബര്‍ 20ന് സ്പെഷ്യല്‍ ബ്രാഞ്ച്  സിഐഡി ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് കോട്ടയം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.


കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ നടപടികള്‍ എടുക്കാന്‍ വിസമ്മതിച്ച ഏറ്റുമാനൂര്‍ പോലീസിനെയും വിമര്‍ശിച്ചുകൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. റവന്യൂ വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസം കയ്യേറ്റക്കാരെ വഴിവിട്ട് സഹായിക്കുന്നതിനാണെന്ന് ആരോപിക്കുന്ന റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഐജി (ഇന്‍റലിജന്‍സ്), എസ് പി (ഇന്‍റലിജന്‍സ്), എസ് ബി സിഐ ഡി എറണാകുളം റേഞ്ച് എസ് പി എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്. 



റവന്യൂ അധികൃതര്‍ തിരിച്ചെടുത്ത കയ്യേറ്റ ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയ ആറ് പേരോട് അവ പൊളിച്ചുമാറ്റുവാന്‍ ആവശ്യപ്പെട്ട് പേരൂര്‍ വില്ലേജ് ഓഫീസര്‍ 2017 മെയ് മൂന്നിന് കത്ത് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇപ്രകാരം കയ്യേറ്റഭൂമിയില്‍ ഇരിക്കുന്ന വീടുകളിലൊന്ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഓ ബിജുവിന്‍റേതാണ്. ഇയാളുടെ കൈവശമുള്ള എഴുപത് സെന്‍റ് ഭൂമിയില്‍ ഒമ്പത് സെന്‍റ് ഒഴികെ ബാക്കിയുള്ളത് ആറ്റുപുറമ്പോക്ക് എന്ന നിലയില്‍ ഒഴിപ്പിച്ച് എടുക്കുന്നതിന് മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇയാളുടെ ഇരുനില വീട് സ്ഥിതിചെയ്യുന്ന ഭൂമിയില്‍ നാല് സെന്‍റ് ഈ കയ്യേറ്റഭൂമിയിലാണെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.


കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിന് നിയമപരമായി ഒരു തടസ്സവും ഇല്ലെന്നും വിഷയത്തില്‍ റവന്യു അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ മനപൂര്‍വ്വമായ കാലതാമസം കയ്യേറ്റക്കാരെ വഴിവിട്ട് സഹായിക്കുന്നതിന് വേണ്ടിയാണോ എന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍  സൂചിപ്പിക്കുന്നു. നിലവില്‍ കേസോ സ്റ്റേയോ ഇല്ലാത്ത സാഹചര്യത്തില്‍ ഒരു ബോര്‍ഡ് രൂപീകരിച്ച് കോട്ടയം അഡീഷണല്‍ തഹസില്‍ദാര്‍ക്ക് കയ്യേറ്റഭൂമി ഒഴിപ്പിച്ച് എടുക്കാവുന്നതാണ്. എന്നാല്‍ കയ്യേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം തഹസില്‍ദാരുടെ (എല്‍ആര്‍) നിര്‍ദ്ദേശ പ്രകാരം 2017 സെപ്തംബര്‍ ഏഴിന് പേരൂര്‍ വില്ലേജ് ഓഫീസര്‍ ഏറ്റുമാനൂര്‍ പോലീസിന് കത്ത് നല്‍കുകയാണ് ചെയ്തത്.


എന്നാല്‍ ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്ട്  പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ സാധിക്കില്ലാ എന്നും കയ്യേറ്റം ഒഴിപ്പിക്കുന്ന സമയത്ത് മതിയായ പോലീസ് സംരക്ഷണം നല്‍കാമെന്നും കാട്ടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ മറുപടി നല്‍കുകയാണ് ഉണ്ടായത്. കയ്യേറ്റം ഒഴിപ്പിച്ച് എടുക്കുന്നതില്‍ പേരൂര്‍ വില്ലേജ് ഓഫീസര്‍ ബിന്ദുകുമാരി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കി കയ്യേറ്റം ഒഴിപ്പിച്ചെടുക്കുന്നതിന് അധികാരപ്പെട്ട അഡീഷണല്‍ തഹസില്‍ദാര്‍ (എല്‍സി) ബാബു സേവ്യറിന്‍റെ ഭാഗത്തുനിന്നും കാര്യമായ ഒരു പ്രവര്‍ത്തനങ്ങളും നടന്നില്ല. കളക്ട്രേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ശക്തമായ നിര്‍ദ്ദേശവും നടപടിയും ഉണ്ടായാല്‍ കയ്യേറ്റഭൂമി പൂര്‍ണ്ണമായും ഒഴുപ്പിച്ചെടുക്കാമെന്നും  സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി ഡപ്യൂട്ടി സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


കയ്യേറ്റക്കാര്‍ക്കെതിരെ കേസെടുക്കുവാന്‍ പോലീസിന് വീണ്ടും നിര്‍ദ്ദേശം


കയ്യേറ്റക്കാര്‍ക്കെതിരെ കേസെടുക്കുവാന്‍ ഭൂസംരക്ഷണനിയമപ്രകാരം ആവശ്യമായ വകുപ്പുകള്‍ ഇല്ലായെന്ന് കാണിച്ചാണ് ഏറ്റുമാനൂര്‍ പോലീസ് വില്ലേജ് ഓഫീസര്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ കേരളാ ഭൂസംരക്ഷണ (ഭേദഗതി) നിയമം 2009 വകുപ്പ് 4 പ്രകാരം സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്. ഈ നിയമത്തിന്‍റെ പകര്‍പ്പ് സഹിതം ഏറ്റുമാനൂര്‍ പോലീസിന് വീണ്ടും കത്ത് നല്‍കുവാന്‍ കോട്ടയം തഹസില്‍ദാര്‍ (ഭുരേഖ)ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് (എസ്ബിസിഐഡി) നല്‍കിയ മറുപടി കത്തില്‍ സൂചിപ്പിക്കുന്നു.


കയ്യേറ്റങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കാനുള്ള നിയമാനുസൃതനടപടികള്‍ സ്വീകരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഡപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) കോട്ടയം തഹസില്‍ദാര്‍ (ഭൂരേഖ)ക്ക് കത്ത് നല്‍കി. സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി പോലീസ് ഡപ്യൂട്ടി സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് ജില്ലാ കളക്ടര്‍ക്കു വേണ്ടി  'വളരെ അടിയന്തിരം' എന്ന് രേഖപ്പെടുത്തിയുള്ള കത്ത് നല്‍കിയത്.


ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പേരൂര്‍ പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്ക്പാലം വരെയുള്ള 35 ഏക്കറോളം വരുന്ന ആറ്റുപുറമ്പോക്ക് സ്വകാര്യവ്യക്തികള്‍ കയ്യടക്കിവെച്ചത് തിരിച്ചു പിടിക്കാനായത് മീനച്ചിലാര്‍ സംരക്ഷണസമിതി പ്രസിഡന്‍റും പരിസ്ഥിതി പ്രവര്‍ത്തകനുമായ മോന്‍സി പെരുമാലിന്‍റെ പരാതിയെതുടര്‍ന്നാണ്. നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ മുഖംതിരിച്ചുനിന്ന സംഭവത്തില്‍ മോന്‍സിയ്ക്ക് ഒട്ടേറെ ഭീഷണികളുണ്ടായി.


റവന്യൂ അധികൃതര്‍ പിടിച്ചെടുത്ത ആറ്റുപുറമ്പോക്ക് തങ്ങളുടെ പാരമ്പര്യസ്വത്താണെന്നും അത് തനിക്ക് പതിച്ചു തരണമെന്നും  കാട്ടി വാര്‍ഡ് കൗണ്‍സിലറുടെ സഹോദരന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനിടെ പുറമ്പോക്ക് സ്ഥലത്ത് കൃഷി ചെയ്ത മരച്ചീനി അധികൃതര്‍ ലേലം ചെയ്തിരുന്നു. ഇതിന് പിന്നാലെ പേരൂര്‍ പടിഞ്ഞാറെമാലിയില്‍ പി.എം.ജേക്കബ് താന്‍ കൃഷി ചെയ്ത കപ്പയുടെ വിലയായി 126400 രൂപയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുമുണ്ട്.



Share this News Now:
  • Google+
Like(s): 279