06 December, 2017 09:35:38 PM


"ഒന്നിച്ചൊന്നായ് - 2017": ഭിന്നശേഷിക്കാരായ കുട്ടികളുടെ കൂട്ടയോട്ടം ശ്രദ്ധേയമായി



ഏറ്റുമാനൂര്‍: ലോകഭിന്നശേഷി വാരാചരണത്തോട് അനുബന്ധിച്ച് സര്‍വ്വശിക്ഷാ അഭിയാന്‍റെയും ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന "ഒന്നിച്ചൊന്നായ് - 2017" പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടവും ദീപശിഖാപ്രയാണവും നടന്നു. ഗൃഹാധിഷ്ടിത വിദ്യാഭ്യാസം നടത്തുന്ന ആന്‍റോണ്‍ രാജുവെന്ന കുട്ടിയുടെ വീട്ടില്‍ നിന്നും ദീപശിഖാപ്രയാണം ആരംഭിച്ചു. ഏറ്റുമാനൂര്‍ ഉപജില്ലാ ഓഫീസിനുമുന്നിലെത്തിയ ശേഷം നീണ്ടൂര്‍ എസ്കെവി ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവുനാടകം അരങ്ങേറി. തുടര്‍ന്ന് നഗരം ചുറ്റി നടന്ന കൂട്ടയോട്ടത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം അധ്യാപകരും ഏറ്റുമാനൂര്‍ ജേസീസ് അംഗങ്ങളും മറ്റ് സാമൂഹികസാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. 

നഗരസഭാ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഗണേശ് ഏറ്റുമാനൂരിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ ജയിംസ് തോമസ് ഉദ്ഘാടനം ചെയ്തു. ഗൃഹാധിഷ്ഠിതവിദ്യാഭ്യാസം നല്‍കുന്ന കുട്ടിക്ക് ലൈബ്രറി പുസ്തകങ്ങളുടെ വിതരണം ഗായിക വിജയലക്ഷ്മിയും റേഡിയോ വിതരണം സുബ്രഹ്മണ്യന്‍ അമ്പാടിയും നിര്‍വ്വഹിച്ചു. ചലച്ചിത്രതാരം കുമാരി മീനാക്ഷി സമ്മാനവിതരണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സതീഷ്കുമാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കവിത പയസ്, ജിജോ, ജോഷി തോമസ് എന്നിവര്‍ പ്രസംഗിച്ചു.



Share this News Now:
  • Google+
Like(s): 90