Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

06 December, 2017 12:53:16 PM


കാൻസർ രോഗിയുടെ പെൻഷൻ റദ്ദാക്കി; പ്രതിഷേധവുമായി ഭർത്താവ്

കോട്ടയം: കാൻസർ രോഗിക്ക് കഴിഞ്ഞ രണ്ട് വർഷത്തോളമായി ലഭിച്ചു വന്ന പെൻഷൻ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ഭർത്താവ് വില്ലേജ് ഓഫീസിൽ. കോട്ടയം കല്ലറ സൗത്ത് പാലപ്പറമ്പിൽ ജയദേവനാണ് രോഗിയായ തന്റെ ഭാര്യ ശോഭന (55) യ്ക്ക് ലഭിച്ചിരുന്ന പെൻഷൻ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കല്ലറ വില്ലേജ് ഓഫിസിന് മുന്നിൽ ഒറ്റയാൾ സമരം നടത്തിയത്.


തെള്ളകം പോസ്റ്റ് ഓഫീസിലെ ജീവനക്കാരനാണ് ജയദേവൻ. ഏഴ് വർഷം മുമ്പ് സ്തനാർബുദം പിടിപെട്ട ഭാര്യയുടെ ചികിത്സ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇതിനിടെയാണ് അർബുദ രോഗികൾക്കുള്ള സർക്കാർ ധനസഹായത്തിനായി അപേക്ഷ നൽകിയത്. അങ്ങനെ വൈക്കം താലൂക്ക് ഓഫീസ് മുഖേന മാസം തോറും 1000 രൂപ പെൻഷൻ ലഭിച്ചു തുടങ്ങി. ഏതാനും മാസം മുമ്പ് മുന്നറിയിപ്പ് ഒന്നുമില്ലാതെ തന്നെ പെൻഷൻ റദ്ദാക്കിയെന്നാണ് ജയദേവൻ പറയുന്നത്.


ഇതേപ്പറ്റി അന്വേഷിക്കാൻ ചെന്ന ദമ്പതികളോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ധന സഹായം ലഭിക്കില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗത്തിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം ശോഭന വില്ലേജ് ഓഫീസിൽ എത്തിച്ചു. അപ്പോൾ ജയദേവന്റെ ശമ്പളസർട്ടിഫിക്കറ്റ് കൂടി വേണമെന്നായി അധികൃതർ. 


ഇത് അനുസരിച്ച് ശമ്പള സര്‍ട്ടിഫിറ്റുമായി ഇന്ന് ജയദേവന്‍ വില്ലേജ് ഓഫീസില്‍ എത്തിയപ്പോഴാണ് യാതൊരു കാരണവശാലും പെന്‍ഷന്‍ തുടര്‍ന്ന് നല്‍കാനാകില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു പറഞ്ഞത്.  ജയദേവന്‍റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതലായി എന്നതാണ് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇതേ ശമ്പളമുള്ള ജയദേവന്‍റെ ഭാര്യയ്ക്ക് എങ്ങനെ പെന്‍ഷന്‍ കൊടുത്തു എന്നതും തര്‍ക്കവിഷയമായി. സര്‍ക്കാരിന്‍റെ പുതിയ നിര്‍ദേശമനുസരിച്ച് സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കുന്നയാളിന് പെന്‍ഷന്‍ കൊടുക്കാനാവില്ലെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു.


മാത്രമല്ല, ശോഭനയ്ക്ക് പെന്‍ഷന്‍  അനുവദിച്ചപ്പോള്‍ ജയദേവന്‍റെ ശമ്പളം ഒരു ലക്ഷം രൂപയില്‍ കുറവായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ ജയദേവന്‍റെ പ്രതിമാസ ശമ്പളം 10,886 ആണ്.  ഇതില്‍ നിന്നും ലോണ്‍, പിഎഫ് തുടങ്ങിയവയെല്ലാം കഴിഞ്ഞ് 8000 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. ചികിത്സയ്ക്കായി വന്‍ തുക ചെലവാകുമെന്നിരിക്കെ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന 1000 രൂപ ജയദേവനും കുടുംബത്തിനും ഏറെ ആശ്വാസമായിരുന്നു. ഇതാണ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. 


പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ടി പലവട്ടം ഓഫീസില്‍ കയറിയിറങ്ങിയ ജയദേവന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് മനസിലായി. തുടര്‍ന്ന് ഇതിനെ ചോദ്യം ചെയ്ത തന്നെ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി ജയദേവന്‍ പറഞ്ഞു. മകള്‍ അമ്പിളിയുടെ വിദ്യാഭ്യാസത്തിനായി അമ്പതിനായിരം രൂപ വിദ്യാഭ്യാസ ലോണ്‍ എടുത്തത് സാമ്പത്തിക ബുദ്ധിമുട്ടുമൂലം കൃത്യമായി അടയ്ക്കാനാവാതെ കുടിശിഖയായി. ഇതിന്  വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞും അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും ജയദേവന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫീസിന് മുന്നില്‍ ജയദേവന്‍ കുത്തിയിരിപ്പ് സമരം  നടത്തിയത്. നിസ്സഹായനായ ജയദേവനെ കല്ലറ പഞ്ചായത്ത് പ്രസിഡന്‍റ്  ജമീല പ്രദീപ്  എത്തി ആശ്വസിപ്പിച്ചു.Share this News Now:
  • Google+
Like(s): 369