06 December, 2017 11:59:58 AM


ഓഖി ചുഴലിക്കാറ്റ് : ദുരന്തബാധിതര്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം



തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. അപകടത്തില്‍ പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍പരിശീലനവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബര്‍ 30 ന് മാത്രമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് മുതല്‍ അഞ്ച് മുന്‍പെങ്കിലും മുന്നറിയിപ്പ് തരേണ്ടതായിരുന്നു. രണ്ട് ദിവസം മുന്‍പ് മൂന്ന് മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് തരികയും ചുഴലിക്കാറ്റിന്‍റെ ദിശ, പാത എന്നിവയെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ നല്‍കുകയും വേണമായിരുന്നു. ഇതൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു വീഴ്ചയും സംഭിവിച്ചിട്ടില്ല. മുന്നറിയിപ്പ് ലഭിച്ചതിന് ശേഷം ഒരു നിമിഷം പോലും പാഴാക്കാതെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 29