06 December, 2017 11:09:04 AM


ഓഖി ചുഴലിക്കാറ്റ് : 3,200 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി



അഹമദാബാദ്: കേരള, തമിഴ്നാട് തീരങ്ങളിൽ നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 3,200 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സൂററ്റിലെ 29 സ്ഥലങ്ങളിൽ നിന്നുമാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഗുജറാത്തിന്‍റെ തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റിന്‍റെ വേഗം മണിക്കൂറിൽ 70 കിലോമീറ്റർ വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിപ്പ്. ഇതേതുടർന്നു ജനങ്ങളോട് പുറത്തിറങ്ങരുതെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്നു എയർഫോഴ്സ്, കോസ്റ്റു ഗാർഡ്, നേവി, ബിഎസ്എഫ് തുടങ്ങിയവർക്കു അധികൃതർ ജാഗ്രതാ നിർദേശം നൽകി. ബൊട്ടാദ്, ആരവല്ലി, ഛോട്ട, ഉധീപുർ, ദാഹോഡ്, മഹിസാഗർ, നവസരി, രാജ്കോട്ട് തുടങ്ങിയ ജില്ലകളിൽ ഏതാനും ദിവസങ്ങൾ കൂടി മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലെ ധർമപുരിൽ ചൊവ്വാഴ്ച 25 മില്ലീമീറ്റർ മഴ പെയ്തിരുന്നു.

ചുഴലിക്കാറ്റ് മുന്നറിപ്പിനെ തുടർന്നു മത്സ്യബന്ധനത്തിനു പോയ 13,000 ബോട്ടുകൾ ചൊവ്വാഴ്ച ഗുജറാത്തിന്‍റെ തീരങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നു. ബുധനാഴ്ച സൂററ്റിലെ സ്കൂളുകൾക്കും കോളജുകൾക്കും അധികൃതർ അവധി നൽകിയിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 33